കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 2 തടവുകാര്‍ക്ക് മിന്നലേറ്റു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 2 തടവുകാര്‍ക്ക് മിന്നലേറ്റു. ഇന്നലെ വൈകിട്ട് 4.15നു പത്താം ബ്ലോക്കിലാണ് സംഭവം. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വയനാട് സ്വദേശി മണി ബാലന്‍ (47), മലപ്പുറം സ്വദേശി റിയാസ് (48) എന്നിവര്‍ക്കാണ് മിന്നലേറ്റത്.ഗുരുതരമായി പൊള്ളലേറ്റ മണി ബാലനെ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാസ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശക്തമായ ഇടിമിന്നലില്‍ ഓടിട്ട കെട്ടിടത്തിന്റെ പഴകിയ കല്‍ത്തൂണ്‍ തകര്‍ന്നു വീണു. വരാന്തയില്‍ നില്‍ക്കവേയാണ് ഇരുവര്‍ക്കും മിന്നലേറ്റത്. കല്ലിന്റെ ചീളുകള്‍ തെറിച്ചും ഇരുവര്‍ക്കും പരുക്കേറ്റു. ജയില്‍ ജീവനക്കാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട റിയാസ് 2017 മുതലും പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട മണി ബാലന്‍ 2016 മുതലും ശിക്ഷ അനുഭവിച്ചു വരികയാണ്.

error: Content is protected !!