മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍: മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌ക്കരിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടിയില്‍ ഉണ്ടായ മാവോയിസ്റ്റ് വെടിവെയ്പ്പ് ആസൂത്രിതമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നതിനിടെ മാവോയിസ്റ്റുകള്‍ പൊലീസിന് നേരെ എകെ 47 ഉപയോഗിച്ച്‌ നിറയൊഴിക്കുകയായിരുന്നു എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാത്രമല്ല വെടിവയ്പ്പ് നടന്നത് ക്ലോസ് റേഞ്ചില്‍ അല്ല എന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട മാവോയിസ്റ്റ് കാര്‍ത്തിയുടെ സഹോദരനും മണിവാസകത്തിന്റെ സഹോദരിയും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ചൊവ്വാഴ്ച വിധി പറയും വരെ കൊല്ലപെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

അതേസമയം മാവോയിസ്റ്റുകളുടേത് കസ്റ്റഡിക്കൊലയാണെന്നും ഏറ്റുമുട്ടലല്ലെന്നും ബന്ധുക്കള്‍ കോടതിയില്‍ വാദിച്ചു. ഏറ്റുമുട്ടല്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മണിവാസകത്തെ മാത്രമാണ് തിരിച്ചറിഞ്ഞതെന്നും റീപോസ്റ്റുമോര്‍ട്ടം വേണമെന്നും ബന്ധുക്കളുടെ ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.

error: Content is protected !!