സി.പി.ഐ മാവോയിസ്റ്റിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

ന്യൂഡല്‍ഹി: മാവാവോദികളുടെ സംഘടനയായ സിപിഐ(മാവോയിസ്റ്റ്) ലോകത്തെ ഏറ്റവും അപകടകാരിയായ ആറാമത്തെ ഭീകരസംഘടനയാണെന്ന് അമേരിക്ക. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സിപിഐ മാവോയിസ്റ്റ് കഴിഞ്ഞവര്‍ഷം മാത്രം 177 ആക്രമണങ്ങളിലായി 311 പേരെ കൊലപ്പെടുത്തിയെന്നാണ് അമേരിക്കയുടെ കണക്ക്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 833 സംഭവങ്ങളിലായി 240 പേര്‍ മരിച്ചെന്നാണ് വിവരം.

താലിബാന്‍, ഐ.എസ്, അല്‍-ശബാബ്(ആഫ്രിക്ക), ബൊക്കോ ഹറാം(ആഫ്രിക്ക), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പീന്‍സ് തുടങ്ങിയവയാണ് ലോകത്തെ ഭീകരസംഘടനകളുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍. ഇവയ്ക്ക് പിന്നിലാണ് സിപിഐ മാവോയിസ്റ്റിന്റെ സ്ഥാനം.

അതേസമയം, തീവ്രവാദം ഗ്രസിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 57 ശതമാനം ഭീകര പ്രവര്‍ത്തനങ്ങളും നടന്നത് ജമ്മു-കശ്മീരിലാണെന്ന് യു.എസ്. സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷമുണ്ടായ ഭീകരാക്രമണങ്ങളില്‍ 26 ശതമാനവും സിപിഐ മാവോയിസ്റ്റ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കര്‍ ഇ തൊയ്ബ എന്നീ ഭീകരസംഘടനകളാണ് തൊട്ടുപിന്നിലുള്ളത്.

error: Content is protected !!