അയോധ്യ വിധി – മുഖ്യമന്ത്രിയുടെ പ്രതികരണം

അയോധ്യ വിധി – മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

അയോധ്യ കേസില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി രാജ്യത്തിന്‍റെ പരമോന്നത കോടതിയുടെ വിധി വന്നിരിക്കുന്നു. രാജ്യത്ത് രക്തച്ചൊരിച്ചിലും കലാപങ്ങളും ഉണ്ടാക്കിയ ഒരു പ്രശ്നത്തിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അന്തിമമായി തീര്‍പ്പുകല്‍പിച്ചത്.
അയോധ്യയില്‍ തര്‍ക്കസ്ഥലത്ത് രാമവിഗ്രഹം കൊണ്ടുവെച്ചതും ബാബറി മസ്ജിദ് പൊളിച്ചതും നിയമവിരുദ്ധമാണ് എന്ന് കോടതി സ്ഥിരീകരിച്ചിരിക്കുന്നു.

ബാബറി മസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്നാണ് രാജ്യം വലിയ കലാപത്തിന്‍റെ വേദിയായത്. ഈ വിധിയോടെ ഭൂമിത്തര്‍ക്കവുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങള്‍ക്കുള്ള തീര്‍പ്പാണ് ഉണ്ടായിരിക്കുന്നത്.
വിധി തങ്ങള്‍ കാലാകാലമായി ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വിഘാതമായി എന്ന് കരുതുന്നവരുണ്ടാകാം. അതോടൊപ്പം തങ്ങളുടെ ആവശ്യങ്ങളാണ് അംഗീകരിക്കപ്പെട്ടത് എന്ന് ധരിക്കുന്ന വിഭാഗവുമുണ്ട്.


രണ്ടുകൂട്ടരും സംയമനത്തോടെയും സമാധാനം നിലനിര്‍ത്താനുള്ള താല്‍പര്യത്തോടെയും വിധിയോട് പ്രതികരിക്കണം. ഈ തര്‍ക്കത്തിന്‍റെ പേരില്‍ ജനങ്ങളുടെ സമാധാനജീവിതം തകരുന്ന ഒരു ഇടപെടലും ഉണ്ടാകരുത്.
കേരളം ബാബറി മസ്ജിദ് തകര്‍ത്ത ഘട്ടത്തില്‍ത്തന്നെ വിവേകത്തോടെയും സമാധാനപരവുമായാണ് പ്രതികരിച്ചത്. അതുകൊണ്ടുതന്നെ ആ ഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്ത് പറയത്തക്ക അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. അതേ രീതി കൂടുതല്‍ പ്രതിബദ്ധതയോടെ നാം തുടരേണ്ടതുണ്ട്.

സുപ്രീംകോടതി വിധിയോടുള്ള പ്രതികരണങ്ങള്‍ നാടിന്‍റെ സമാധാനവും ഐക്യവും മതനിരപേക്ഷതയും സംരക്ഷിച്ചുകൊണ്ടുള്ളതാവണം. സുപ്രീംകോടതി വിധി അന്തിമമാണ് എന്നതിനാല്‍ ഈ ഘട്ടത്തില്‍ അത് ഉള്‍ക്കൊള്ളാന്‍ ബാധ്യസ്ഥരാണ്.
സമാധാനവും ശാന്തിയും മതനിരപേക്ഷതയുടെ സംരക്ഷണവുമാകണം നമ്മുടെയാകെ ഈ സന്ദര്‍ഭത്തിലെ പരിഗണന. വിധിയുടെ പശ്ചാത്തലത്തില്‍ സമാധാനം കാത്തുസൂക്ഷിക്കാനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. പ്രകോപനപരമായ പ്രതികരണങ്ങള്‍ അനുവദിക്കില്ല. പൊലീസ് സംസ്ഥാനത്താകെ ജാഗ്രത പാലിക്കുന്നുണ്ട്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളും അക്കാര്യത്തില്‍ ജാഗരൂകരാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

error: Content is protected !!