അയോധ്യ കേസ് : പുനപ്പരിശോധനാ ഹരജി നല്‍കാനൊരുങ്ങി മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ്

അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡാണ് അയോധ്യ  കേസിലെ സുപ്രീംകോടതി വിധിക്കെതിരെ പുനപ്പരിശോധനാ ‌ഹരജി നല്‍കാനൊരുങ്ങുന്നത് . അഭിഭാഷകന്‍ രാജീവ് ധവാനുമായി വ്യക്തിനിയമ ബോഡ് അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളില്‍ ബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം.

ബാബരി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്നും പള്ളി നിര്‍മിക്കാനായി ഒരു ക്ഷേത്രവും പൊളിച്ചിട്ടില്ലെന്നും നിരീക്ഷിച്ച കോടതി, തര്‍ക്ക ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടുകൊടുത്തത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നാണ് അഖിലേന്ത്യ വ്യക്തി നിയമ ബോര്‍ഡിന്‍റെ നിലപാട്. കോടതിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ പക്ഷെ വിധിയില്‍ പ്രതിഫലിച്ചിട്ടില്ല. സ്വാഭാവികമായും പുനപ്പരിശോധനാ ഹരജിക്ക് പ്രസക്തിയുണ്ടെന്ന നിഗമനത്തിലാണ് മുസ്‍ലിം കക്ഷികളുള്ളത്. മുഴുവന്‍ നിയമസാധുതയും പരിശോധിക്കുമെന്ന് വിധി വന്നയുടനെ തന്നെ വ്യക്തി നിയമ ബോര്‍ഡ് പ്രതികരിക്കുകയും ചെയ്തിരുന്നു,

വരും ദിവസങ്ങളില്‍ പുനപ്പരിശോധന ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് ബോര്‍ഡ് ആലോചിക്കുന്നത്. ‌മുസ്‍ലിംകള്‍ക്ക് അനുവദിച്ച 5 ഏക്കര്‍ ഭൂമി നിരസിക്കാന്‍ ആലോചിക്കുന്നതായും സൂചനകളുണ്ട്. ഒരു ഭൂമിയും ഒന്നിനും പകരമാകില്ലെന്ന് കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ അമീര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

 

error: Content is protected !!