ബെംഗളൂരുവിനെ പേടിപ്പിച്ച പ്രേതങ്ങള്‍ ഒടുവില്‍ പോലീസ് പിടിയില്‍

ബംഗലൂരു : ബംഗലൂരു നഗരവീഥികളെ രാത്രികാലങ്ങളില്‍ വിറപ്പിച്ച പ്രേതങ്ങള്‍ ഒടുവില്‍ പൊലീസ് പിടിയിലായി. വെളുത്ത നീളന്‍ കുപ്പായം ധരിച്ച്‌, മുട്ടോളം ഉള്ള നീളന്‍ മുടിയുമായി അസമയത്ത് നഗരത്തെ വിറപ്പിച്ച പ്രേതങ്ങള്‍ നാട്ടുകാര്‍ക്കും പൊലീസിനും ഏറെനാളായി തലവേദനയായിരുന്നു. തൊട്ടുമുന്നില്‍ ആ ഭീകര രൂപങ്ങള്‍ അലറി വിളിച്ച്‌ ചാടി വീണതോടെ, ഭയന്നുവിറച്ച്‌ നിയന്ത്രണം വിട്ട് നിരവധി അപകടങ്ങളും തുടര്‍ക്കഥയായി.

പ്രേതത്തെ കണ്ടുഭയന്ന ഒരു ഓട്ടോ ഡ്രൈവര്‍ യശ്വന്ത്പുര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തി. പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച്‌ ഏഴ് ‘പ്രേതങ്ങളെ’യും കസ്റ്റഡിയിലെടുത്തു. കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു ആ ഏഴു പ്രേതങ്ങളും.

ഷാന്‍ മിലി, നിവേദ്, സജില്‍ മുഹമ്മദ്, മുഹമ്മദ് അക്യൂബ് സാഖിബ് സെയ്യിദ് നബീല്‍, യൂസഫ് അഹമ്മദ് എന്നിവരായിരുന്നു ബെംഗളൂരുവിനെ നടുക്കിയ ആ പ്രേതങ്ങള്‍. തമാശയ്ക്കായി ചെയ്തതാണെന്നാണ് വിദ്യാര്‍ത്ഥികളുടെ മൊഴി. ഇനി ആവര്‍ത്തിക്കില്ലെന്നും ഏഴ് പേരും പോലീസിനോട് പറഞ്ഞു.

ഓട്ടോ ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 341,504,34 എന്നീ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

error: Content is protected !!