വാഹനാപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന തലശ്ശേരിയിലെ സാമൂഹിക പ്രവർത്തകൻ സത്താർ മുരിക്കോളി മരിച്ചു.

കണ്ണൂർ: തലശ്ശേരിയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും എസ്.ടി.യു നേതാവുമായ സത്താർ മുരിക്കോളി വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച്ചയാണ് സത്താർ വാഹനാപകടത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആയത്. പരിക്ക് ഗുരുതരമായതിനാൽ ഇന്ന് ഉച്ചയോടെ സത്താർ മരണത്തിന് കീഴടങ്ങുകയായിരുന്നു.

എരഞ്ഞോളിപാലത്തിന് സമീപം വെച്ച് ബൈക്കിൽ പോകുന്നതിനിടെ സത്താർ സഞ്ചരിച്ച ബൈക്കിൽ ഓട്ടോ ഇടിച്ചായിരുന്നു അപടകടം. സാമൂഹ്യ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്ന സത്താറിന്റെ അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുണ്ട്. വടകര ലോകസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും സി.പി.എം മുൻ നേതാവുമായ സി.ഒ.ടി നസീറിനെ അക്രമിച്ചതുൾപ്പെടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ രൂക്ഷമായ ഭാഷയിൽ സത്താർ പ്രതികരിച്ചിരുന്നു.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഉടൻ തന്നെ നാട്ടുകാർ തലശ്ശേരി ജനറലാശുപത്രിയിലെത്തിക്കുകയും തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വാരിയെല്ല് തകരുകയും കണ്ണിന്റെ കൃഷ്ണമണിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സത്താറിന്റെ ലിവറിനും മറ്റും ആഴത്തിൽ മുറിവേറ്റിരുന്നു എന്നും മിനിമം വേഗതയിൽ മാത്രം പോകുന്ന സത്താറിന്റെ ബൈക്കിന് ഓട്ടോയിടിച്ചാൽ ഇത്രയും ഗുരുതരമായ പരിക്ക് സംഭവിക്കില്ലെന്നും സംഭവത്തിൽ ദുരൂഹത ആരോപിക്കുന്നവർ അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. നാട്ടിലെ വിവിധ വിഷയങ്ങളിൽ സത്താർ ശക്തമായി പ്രതികരിച്ച് രംഗത്തിറങ്ങിയിരുന്നു.

error: Content is protected !!