അഭയ കേസിലെ രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്ന് തുടരും

തിരുവനന്തപുരം: ഏറെ പ്രമാദമായ സിസ്റ്റര്‍ അഭയ കേസിലെ രണ്ടാംഘട്ട സാക്ഷി വിസ്താരം തിരുവനന്തപുരം സിബിഐ കോടതിയില്‍ ഇന്ന് തുടരും. രാജു നമ്പൂതിരി, ക്രൈംബ്രാഞ്ച് മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ശങ്കരന്‍ എന്നീ സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. 26ാം തിയതി വരെയാണ് രണ്ടാംഘട്ട വിസ്താരം. ഓഗസ്റ്റിലാണ് കേസിലെ വിചാരണ ആരംഭിച്ചത്.

ആദ്യഘട്ട വിസ്താരത്തില്‍ എട്ടു പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയപ്പോള്‍ ആറുപേര്‍ കൂറുമാറിയിരുന്നു. അതേയമസയം കേസിലെ മുഖ്യ സാക്ഷിയായ രാജു, ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ തിരിച്ചറിഞ്ഞിരുന്നു. അഭയ കൊല്ലപ്പെട്ട ദിവസം രാത്രി ഫാദര്‍ കോണ്‍വെന്‍റിന്‍റെ പടികള്‍ കയറി മുകളിലേക്ക് പോകുന്നത് താന്‍ കണ്ടിരുന്നുവെന്ന് മോഷ്ടാവായ രാജു പറഞ്ഞിരുന്നു.

സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച്‌ 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്. 2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. ആദ്യ ദിനം കേസിലെ 50ാം സാക്ഷിയായ സിസ്റ്റര്‍ അനുപമയും രണ്ടാം ദിവസം നാലാം സാക്ഷി സഞ്ജു പി മാത്യുവും മൊഴി മാറ്റിയിരുന്നു.

error: Content is protected !!