പെരിയ ഇരട്ടക്കൊലക്കേസ്: സിബിഐ അന്വേഷണത്തിന് എതിരെ അപ്പീലുമായി സര്‍ക്കാര്‍

കൊച്ചിപെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. നിലവില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്ന് അപ്പീലില്‍ പറയുന്നു.

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഏറ്റെടുത്ത സിബിഐ മേല്‍നോട്ട ചുമതലയുള്ള എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. കേസ് ആദ്യം അന്വേഷിച്ച കേരള പൊലീസിന്റെ പ്രതിപ്പട്ടികയിലുള്ള 14 പേരാണ് സിബിഐയുടെ എഫ്‌ഐആറിലുമുള്ളത്.

കഴിഞ്ഞ സെപ്റ്റംബര്‍ 30ന് ആണ് ഹൈക്കോടതി കേസന്വേഷണം സിബിഐക്കു കൈമാറിയത്. എന്നാല്‍, കേരള പൊലീസ് സിബിഐക്കു ഫയലുകള്‍ കൈമാറുകയോ അന്വേഷണം സിബിഐ ആരംഭിക്കുകയോ ചെയ്തില്ല.

കേസിലെ ഉന്നതതല ഗൂഢാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ അച്ഛൻമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 17 ന് ആയിരുന്നു പെരിയ കല്യോട്ട് ക്ഷേത്രത്തിലെ ആഘോഷ കമ്മിറ്റി രൂപീകരണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

error: Content is protected !!