പെരിഞ്ചാംകുട്ടിയിലെ കുടില്‍കെട്ടി സമരം അവസാനിച്ചു: ഭൂമി നല്‍കാമെന്ന് ജില്ലാഭരണകൂടം

ഇടുക്കി: ഇടുക്കി പെരിഞ്ചാംകുട്ടിയിലെ വനഭൂമിയില്‍ ആദിവാസികള്‍ നടത്തിവന്ന കുടില്‍കെട്ടി സമരം അവസാനിപ്പിച്ചു. ആദിവാസികളുടെ പുനരവധിവാസം ഉടന്‍ നടപ്പാക്കുമെന്ന് ജില്ലാഭരണകൂടം ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചതെന്ന് ആദിവാസി സമരസമിതി അറിയിച്ചു.

ഇടുക്കി ജില്ലാ കളക്ടറുടെയും മൂന്നാര്‍ ഡിഎഫ്‌ഒയുടെയും അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ആദിവാസികള്‍ കുടില്‍കെട്ടിയുള്ള സമരം അവസാനിപ്പിച്ചത്. ചര്‍ച്ചയില്‍ പെരിഞ്ചാംകുട്ടിയില്‍ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് രണ്ട് ദിവസത്തിനകം താമസയോഗ്യമായ ഭൂമി കണ്ടെത്തി നല്‍കാമെന്ന് ജില്ലാഭരണകൂടം ഉറപ്പ് നല്‍കി.

കഴിഞ്ഞ ദിവസമാണ് എഴുപതോളം ആദിവാസി കുടുംബങ്ങള്‍ പെരിഞ്ചാംകുട്ടിയിലെ തേക്കുമുള പ്ലാന്റേഷനില്‍ കയറി കുടില്‍കെട്ടി സമരം തുടങ്ങിയത്. വനം-റവന്യൂ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് 2012ല്‍ ഇവിടെ നിന്ന് നിരവധി ആദിവാസി കുടുംബങ്ങളെ കുടിയിറക്കിയിരുന്നു. തുടരന്വേഷണത്തില്‍ ഇവര്‍ താമസിച്ചിരുന്നത് റവന്യൂ ഭൂമിയിലാണെന്ന് സര്‍ക്കാര്‍ കണ്ടെത്തി. ഇതോടെ കുടിയൊഴിപ്പിച്ച 158 ആദിവാസി കുടുംബങ്ങള്‍ക്ക് പെരിഞ്ചാംകുട്ടിയില്‍ ഒരേക്കര്‍ വീതം ഭൂമി നല്‍കാന്‍ 2018 മാര്‍ച്ചില്‍ മന്ത്രിസഭ തീരുമാനമെടുത്തു. എന്നാല്‍, തീരുമാനം വന്ന് ഒരു വര്‍ഷമായിട്ടും പുനരധിവാസം നടപ്പായില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

error: Content is protected !!