പിലാത്തറ-പാപ്പിനിശ്ശേരി റോഡ് അപകടരഹിതമാക്കാന്‍ 1.84 കോടിയുടെ പദ്ധതി

പിലാത്തറ പാപ്പിനിശേരി കെ എസ് ടി പി റോഡ് അപകടരഹിത മേഖലായാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഒരുങ്ങുന്നത് 1.84 കോടി രൂപയുടെ റോഡ് സുരക്ഷാ പദ്ധതി. അഞ്ച് കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന എ എന്‍ പി ആര്‍ (ഓട്ടോമാറ്റഡ് നമ്പര്‍പ്ലേറ്റ് റക്കഗനിഷന്‍ സിസ്റ്റം) ക്യാമറകളടക്കം 31 ക്യാമറകളാണ് റോഡിന്റെ വിവിധയിടങ്ങളിലായി സ്ഥാപിക്കുന്നത്. വാഹനങ്ങളുടെ നമ്പര്‍, നിറം, അമിത വേഗത ഉള്‍പ്പെടെയുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നതിനാണ് എ എന്‍ പി ആര്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്. പാപ്പിനിശ്ശേരി, കോട്ടപ്പാലം റോഡ്, പുന്നച്ചേരി പിഎച്ച്‌സി, ഹനുമാന്‍ അമ്പലം ജംഗ്ഷന്‍, ചുമട് താങ്ങി- പിലാത്തറ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് എ എന്‍ പി ആര്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്.

രാത്രികാലങ്ങളിലടക്കം വാഹനങ്ങളുടെ നമ്പറുകള്‍ കൃത്യമായി രേഖപ്പെടുത്തുന്ന ക്യാമറകളാണ് പദ്ധതിയുടെ ഭാഗമായി റോഡിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്നത്. അപകടങ്ങളുണ്ടാക്കി നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിടികൂടാനും ഇതുവഴി സാധിക്കും. പൊതുമരാമത്ത് ഇലക്ട്രോണിക് വകുപ്പ് മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ ആദ്യമായാണ് സര്‍ക്കാര്‍ വകുപ്പ് വഴി ഇത്തരത്തിലൊരു പദ്ധതി. കമ്പ്യൂട്ടര്‍ കെയര്‍ കണ്ണൂര്‍ എന്ന സ്ഥാപനമാണ് പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്.

റോഡില്‍ കഴിഞ്ഞ ഒരു വര്‍ഷമുണ്ടായ അപകടങ്ങളെക്കുറിച്ച് കൃത്യമായ പഠനം നടത്തിയാണ് 1.84 കോടിരൂപയുടെ റോഡ് സുരക്ഷാ പദ്ധതി തയ്യാറാക്കിയത്. 21 കിലോമീറ്റര്‍ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമറകളിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയമ ലംഘകരെ കണ്ടെത്തി ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതിനുമായി കണ്ണപുരം പോലീസ് സ്‌റ്റേഷനിലാണ് പ്രധാന നിരീക്ഷണ കേന്ദ്രം ഒരുക്കുന്നത്. വളപട്ടണം, കണ്ണപുരം, പഴയങ്ങാടി, പരിയാരം എന്നീ പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് പദ്ധതിയുടെ ഭാഗമായുള്ള ക്യാമറകള്‍ സ്ഥാപിക്കുക.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി നടന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷനായി. എല്ലാ പരിമിതികളും മുന്‍കൂട്ടികണ്ടുകൊണ്ടാവണം പദ്ധതിയുടെ നടത്തിപ്പെന്നും ക്യാമറകളെ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ ഭാവിയിലുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാനാവശ്യമായ തുക നീക്കിവെയ്ക്കുകയോ ചെയ്യണമെന്ന് കലക്ടര്‍ പറഞ്ഞു. പദ്ധതി വിജയമാവുകയാണെങ്കില്‍ ജില്ലയിലെ മറ്റ് പ്രധാന റോഡുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, പി ഡബ്ല്യൂഡി ഇലക്ട്രോണിക് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ആര്‍ സജീവന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!