രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചില്ല: നിര്‍ഭയ കൂട്ടബലാത്സംഗക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാകുമെന്ന് സൂചന

ന്യൂഡല്‍ഹി : രാജ്യത്തെ കുലുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികളുടെ വധശിക്ഷ അധികം വൈകാതെ നടപ്പാകുമെന്ന് സൂചന. പ്രസിഡന്‍റിന് ഏഴ് ദിവസത്തിനുള്ളില്‍ ദയാഹര്‍ജി നല്‍കിയില്ലെങ്കില്‍ വധശിക്ഷ നടപ്പക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ട് ചെയ്തു. നാല് കുറ്റവാളികളില്‍ മൂന്ന് പേര്‍ തിഹാര്‍ ജയിലിലാണ്. ഒരാള്‍ മണ്ടോളി ജയിലിലും. ദയാഹര്‍ജി സംബന്ധിച്ച്‌ കുറ്റവാളികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് തിഹാര്‍ ജയില്‍ ഡയറക്ടര്‍ സന്ദീപ് ഗോയല്‍ വ്യക്തമാക്കി.

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു. വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കാമെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. ഇനി വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്ന് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുകയാണ് ഇവരുടെ മുന്നിലുള്ള മാര്‍ഗം. എന്നാല്‍, ഇതുവരെ ദയാഹര്‍ജി സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ കുറ്റവാളികള്‍ സ്വീകരിച്ചിട്ടില്ല. ദയാഹര്‍ജി നല്‍കുന്നത് സംബന്ധിച്ച്‌ പ്രതികള്‍ സൂചന നല്‍കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഏഴ് ദിവസത്തിനുള്ളില്‍ പ്രസിഡന്‍റിന് ദയാഹര്‍ജി നല്‍കിയിട്ടില്ലെങ്കില്‍ വധശിക്ഷ വാറന്‍റ് പുറപ്പെടുവിക്കാന്‍ ജയില്‍ അധികൃതര്‍ വിചാരണക്കോടതിയോട് ആവശ്യപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി. രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കാലയളവില്‍ രാം സിംഗ് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ മോചിതനായി. മറ്റ് നാല് പേര്‍ക്കുമെതിരെയാണ് കോടതി വധശിക്ഷ വിധിച്ചത്. 2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ കൂട്ടബലാത്സംഗം നടക്കുന്നത്. മാരകമായി പരിക്കേറ്റ പെണ്‍കുട്ടി ഡിസംബര്‍ 29ന് മരിച്ചു.

error: Content is protected !!