പയ്യന്നൂരില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി.

പയ്യന്നൂർ∙ റെയിൽവേ സ്റ്റേഷനു സമീപമുള്ള വീടിന്റെ പൂട്ട് പൊളിച്ചു മോഷ്ടിക്കാൻ കയറിയ യുവാവിനെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി പൊലീസിൽ ഏൽപിച്ചു. കാസർകോട് പരവനടുക്കം ദേളി പള്ളിക്ക് സമീപം തായിലെപ്പുരയിൽ ഹൗസിൽ ആഷിക്കാണു(31) പിടിയിലായത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ എലിയൻ ഭാനുമതിയുടെ വീടിന്റെ വാതിൽ കുത്തിപ്പൊളിച്ചു ആഷിക്കും കൂട്ടുകാരനും അകത്തു കയറി. പുറത്തുപോയ ഭാനുമതി തിരിച്ചു വരുമ്പോൾ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടു. അകത്ത് ആൾ പെരുമാറ്റത്തിന്റെ ശബ്ദം കേട്ട ഭാനുമതി ബഹളം വച്ചതോടെ ഇരുവരും ഇറങ്ങി ഓടി.

ഓടിയെത്തിയ നാട്ടുകാർ മോഷ്ടാക്കളെ പിന്തുടർന്നു. മമ്പലത്ത് വച്ച് ആഷിക്കിനെ നാട്ടുകാർ പിടികൂടി. മറ്റെയാൾ കടന്നുകളഞ്ഞു. സ്ഥലത്തെത്തിയ എസ്ഐ ശ്രീജിത്ത് കൊടേരി ആഷിക്കിനെ അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്ന് 2000 രൂപ മോഷണം പോയതായി ഭാനുമതി പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടാണെന്നു കരുതിയാണ് ഇവിടെ മോഷണത്തിന് കയറിയതെന്നു പ്രതി പൊലീസിനോട് പറഞ്ഞു.

കണ്ണൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തുകയാണ് ഇരുവരുടെയും പ്രധാന തൊഴിലെന്നു പൊലീസ് സൂചിപ്പിച്ചു. ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ഈ വീട് കണ്ടു വച്ചതാണെന്നും തുടർന്നു പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഇവിടെ കവർച്ചയ്ക്കു കയറി എന്നുമാണ് ഇയാളുടെ മൊഴി.

error: Content is protected !!