രോഹിതിന്റെ മികച്ച പ്രകടനം; ഒന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്

ആദ്യ ഇന്നിങ്സില്‍ നിര്‍ത്തിയിടത്തു നിന്നു തന്നെ രോഹിത് തുടങ്ങി, ടെസ്റ്റില്‍ ഓപ്പണറായി പ്രമോഷന്‍ കിട്ടിയ താരം ആദ്യ ഇന്നിങ്സിന്‍റെ തുടര്‍ച്ചയെന്നോണം രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടി. ഓപ്പണറായി ആദ്യ മത്സരത്തില്‍ തന്നെ രണ്ടിന്നിങ്സിലും സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി.

എത്രയും വേഗം റണ്‍ വാരിക്കൂട്ടി മറുപടി ബാറ്റിംഗിന് ദക്ഷിണാഫ്രിക്കയെ അയക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഓപ്പണിങ് ജോഡിക്ക് പക്ഷേ ആദ്യ വിക്കറ്റ് വേഗം നഷ്ടമായി. ആദ്യ ഇന്നിങ്സില്‍ ഇരട്ട സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാള്‍ 7 റണ്‍സുമായി പുറത്തായി. വണ്‍ ഡൌണായി ഇറങ്ങിയ ചേതശ്വര്‍ പൂജാരയെയും കൂട്ടു പിടിച്ച് രോഹിത് ഒരറ്റത്ത് തകര്‍ത്തടിച്ചു, 169 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പിലൂടെ രോഹിതും പൂജാരയും ഇന്ത്യന്‍ അടിത്തറ ഉറപ്പിച്ചു

ടെസ്റ്റ് കരിയറിലെ തന്‍റെ അഞ്ചാം സെഞ്ച്വറിയുമായി കളം നിറഞ്ഞ രോഹിത് തന്‍റെ ഓപ്പണര്‍ ആയുള്ള അരങ്ങേറ്റം ഗംഭീരമാക്കി. 149 പന്തുകൾ നീണ്ട ഇന്നിങ്സിൽ രോഹിത് നേടിയത് 127 റൺസാണ്. 10 ഫോറും ഏഴു പടുകൂറ്റൻ സിക്സറുകളും നിറം ചാര്‍ത്തിയ ഇന്നിങ്സിന് അവസാനമാകുമ്പോഴേക്കും ഇന്ത്യന്‍ ലീഡ് 300 കടന്നിരുന്നു. രോഹിതിനു ശേഷം എത്തിയ കോഹ്‍ലിയും ജഡേജക്കൊപ്പം ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ സ്കോര്‍ബോര്‍ഡിന്‍റെ വേഗം കൂടി.

നേരത്തേ അശ്വിന്‍റെ 7 വിക്കറ്റ് മികവില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സ് 431ല്‍ അവസാനിച്ചിരുന്നു. മറുപടി ബാറ്റിങില്‍ 71 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 323 എന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. രോഹിതിന്‍റെ സെഞ്ച്വറിക്കു പുറമേ പൂജാര 81 റണ്‍സും, ജഡേജ 40 റണ്‍സും നേടി പുറത്തായിരുന്നു. 31 റണ്‍സുമായി കോഹ്‍ലിയും 27 റണ്‍സുമായി രാഹാനെയും ക്രീസില്‍ പുറത്താകാതെ നിന്നു. ഒരു ദിവസവും 13 ഓവറും ബാക്കി നില്‍ക്കേ 395 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങിനിറങ്ങുന്ന ദക്ഷിണാഫ്രിക്ക ഏത് വിധേനയും മത്സരം സമനിലയാക്കുക എന്ന ലക്ഷ്യത്തോടെയാകും ബാറ്റു വീശുക.

error: Content is protected !!