കൊച്ചിയിലെ വെള്ളക്കെട്ട്: മുഖ്യമന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം, നഗരസഭയ്ക്കെതിരെ വീണ്ടും ഹെെക്കോടതി

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായ സാഹചര്യത്തില്‍ കൊച്ചി നഗരസഭയ്ക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ജില്ലാ ഭരണകൂടം ഇടപെടാത്തത് കൊണ്ടാണ് ഹൈക്കോടതി ഇടപെട്ടതെന്ന് പറഞ്ഞ കോടതി മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും ഇടപെടലുകള്‍ അഭിനന്ദനീയമാണെന്നും ചൂണ്ടിക്കാട്ടി.

നഗരത്തിലെ വെള്ളക്കെട്ട് നീക്കാന്‍ നഗരസഭ എന്താണ് ചെയ്തത്, മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടാണ് കളക്ടര്‍ രംഗത്തിറങ്ങിയത്. ഇല്ലെങ്കില്‍ എന്താവുമായിരുന്നു നഗരത്തിന്റെ അവസ്ഥയെന്ന് കോടതി ചോദിച്ചു.

അതേസമയം വേലിയേറ്റം കാരണം വെള്ളക്കെട്ടുണ്ടായതെന്ന കൊച്ചി മേയര്‍ സൗമിനി ജെയിനിന്റെ പ്രതികരണം ഹൈക്കോടതി തള്ളി. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഓടകളിലെ തടസം നീക്കിയപ്പള്‍ വെള്ളക്കെട്ട് മാറിയത് നഗരസഭ കണ്ടോ എന്നും കോടതി ചോദിച്ചു.

കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിന് കാരണം വേലിയേറ്റമാണെന്നായിരുന്നു കോര്‍പറേഷന്റെ വാദം. എന്നാല്‍,വെറുതെ എന്തെങ്കിലും പറയരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. പരിഹാരം കാണാന്‍ കോര്‍പറേഷന് ശേഷിയുണ്ടോ? ദുരന്തനിവാരണ ഏജന്‍സികളെ വിളിച്ചോയെന്നും കോടതി ചോദിച്ചു. അതേസമയം, കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ നടപടികളുണ്ടാവുമെന്ന് അഡ്വക്കറ്റ് ജനറല്‍ ഉറപ്പുനല്‍കി.

കഴിഞ്ഞ ദിവസവും നഗരസഭയെ കോടതി വിമര്‍ശിച്ചിരുന്നു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാത്തത് നഗരസഭയുടെ കഴിവുകേടാണെന്നും ഇത്തരമൊരു നഗരസഭയെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ‘ഗട്ട്സ്’ കാണിക്കണമെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.നഗരത്തിലെ പേരണ്ടൂര്‍ കനാല്‍ ശുചീകരണവുമായി ബന്ധപ്പെട്ട കേസില്‍ അമിക്കസ് ക്യൂറിയായ അഭിഭാഷകന്‍ സിംഗിള്‍ ബെഞ്ചില്‍ ഹാജരായി കഴിഞ്ഞ ദിവസത്തെ പെരുമഴയില്‍ നഗരം മുങ്ങിയ സ്ഥിതി വിശദീകരിച്ചിരുന്നു.

error: Content is protected !!