ഹരിയാനയില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്നു ഉച്ചയ്ക്കു നടക്കും.

ചാണ്ഡീഗഡ്: ഹരിയാനയില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി-ജെജെപി ധാരണ. ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രിയാകും. ജെജെപി നേതാവ് ദുശ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാകും. ഇരുപാര്‍ട്ടികളും ഇതുസംബന്ധിച്ച് ധാരണയിലെത്തി.

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്നു ഉച്ചയ്ക്കു നടക്കും. ഇന്നലെ ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ കണ്ട് ഖട്ടാര്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി-ജെജെപി സഖ്യത്തെ ഗവര്‍ണര്‍ ക്ഷണിച്ചു. ഉച്ചയ്ക്ക് 2.15ന് രാജ്ഭവനിലാകും സത്യപ്രതിജ്ഞാ ചടങ്ങുകള്‍.രാജ്യം ദീപാവലി ആഘോഷിക്കുമ്പോള്‍ ഹരിയാനയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

ഇന്നലെ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ ഖട്ടാറിനെ പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. നിയമസഭാ കക്ഷി യോഗത്തില്‍ കേന്ദ്ര പ്രതിനിധികളായി പങ്കെടുത്ത കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്, ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എന്നിവരാണ് ഖട്ടാറിന്റെ പേര് പ്രഖ്യാപിച്ചത്.

രണ്ടാം തവണയാണ് ഹരിയാനയുടെ ഖട്ടാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. 90 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 46 സീറ്റാണ് വേണ്ടിയിരുന്നത്. എന്നാല്‍ ബിജെപിക്ക് 40 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. തുടര്‍ന്നാണ് 10 സീറ്റ് ലഭിച്ച ജെജെപിയുമായി ധാരണയിലെത്തി സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി മുന്നോട്ട് വന്നത്.

ജെജെപി അധ്യക്ഷന്‍ ദുശ്യന്ത് ചൗട്ടാലയായിരിക്കും ഉപമുഖ്യമന്ത്രി. ജെജെപിക്ക് പുറമെ ഏഴ് സ്വതന്ത്രരും സര്‍ക്കാരിനെ പിന്തുണയ്ക്കും. ഇതോടെ 57 അംഗങ്ങളുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ നിലവില്‍വരിക. ജെജെപിയെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ആദ്യത്തില്‍ ശ്രമം നടത്തിയിരുന്നു. കോണ്‍ഗ്രസിന് 31 അംഗങ്ങളാണുള്ളത്. എന്നാല്‍ ബിജെപിയുമായി അടുക്കാനാണ് ജെജെപി താല്‍പ്പര്യം കാണിച്ചത്. ചില അംഗങ്ങള്‍ ബിജെപി സഖ്യത്തെ എതിര്‍ത്തെങ്കിലും ഭൂരിപക്ഷവും അനുകൂലിക്കുകയായിരുന്നു. ഒരുവര്‍ഷം മുമ്പാണ് ഐഎന്‍എല്‍ഡിയില്‍ നിന്ന് ഭിന്നിച്ച് ജെജെപി രൂപീകരിക്കപ്പെട്ടത്.

error: Content is protected !!