പള്ളിക്കുന്നില്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ന്ന സ്വര്‍ണ്ണം തമിഴ്‌നാട്ടില്‍ നിന്നും കണ്ടെടുത്തു.

കണ്ണൂർ∙ ജോലിക്കു നിന്ന വീട്ടിൽ നിന്നു സ്വർണം കവർന്ന കേസിൽ 20 പവൻ സ്വർണം തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്നു പൊലീസ് കണ്ടെടുത്തു. പള്ളിക്കുന്നിലെ ഷെറിന്റെ വീട്ടിൽ നിന്നു തമിഴ്നാട് സ്വദേശിയായ കോകില, കെവിൻ എന്നിവർ ചേർന്നു കവർച്ച നടത്തിയ 20 പവൻ സ്വർണാഭരണങ്ങളാണ് തിരുട്ടുഗ്രാമത്തിൽ നിന്നു പൊലീസ് സാഹസികമായി കണ്ടെടുത്തത്. നേരത്തെ പ്രതികളെ അറസ്റ്റ് ചെയ്യാനായി ഇവിടെയെത്തിയ പൊലീസിനു എതിർപ്പു മൂലം തൊണ്ടിമുതൽ കണ്ടെടുക്കുന്നതിനു മുൻപു തന്നെ തിരിച്ചു പോരേണ്ടി വന്നിരുന്നു. പിന്നീടു വീണ്ടും കൂടുതൽ സംഘവുമായി തിരുട്ടുഗ്രാമത്തിലെത്തിയാണു പൊലീസ് സ്വർണം പിടിച്ചെടുത്തത്.

മോഷണമുതലിന്റെ ഒരു ഭാഗം തമിഴ്നാട്ടിലെ ഒരു പണയസ്ഥാപനത്തിൽ പണയം വച്ച നിലയിലും ബാക്കി കോകിലയുടെ സുഹൃത്തിന്റെ വീട്ടിൽ സൂക്ഷിച്ച നിലയിലുമായിരുന്നു. കോകിലയുടെ മൊബൈൽഫോണിലേക്കു നിരന്തരം വന്ന മൊബൈൽഫോൺ വിളി പിന്തുടർന്നാണു പൊലീസ് സുഹൃത്തിന്റെ വീട്ടിലെത്തി സ്വർണം പിടികൂടിയത്.

ടൗൺ സിഐ പ്രദീപ് കണ്ണിപ്പൊയിലിന്റെയും എസ്ഐ ബി.എസ്.ബവീഷിന്റെയും നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരയ കെ.എൻ.സഞ്ജയ്, പി.സുജിത്, സീനിയർ വനിതാ സിവിൽ പൊലീസ് ഓഫിസർ ഗിരിജ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുട്ടുഗ്രാമത്തിലെത്തി സ്വർണം പിടികൂടിയത്.

error: Content is protected !!