അട്ടപ്പാടിയില്‍ വീണ്ടും ഏറ്റുമുട്ടല്‍: ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇന്നലെ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായ പാലക്കാട് അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ട് വെടിവെപ്പ് തുടരുന്നു. വെടിവെപ്പില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ആയുധധാരികളല്ലാത്ത പൊലീസുകാരെ പ്രദേശത്ത് നിന്ന് മാറ്റി. കൂടുതല്‍ തണ്ടര്‍ ബോള്‍ട്ട് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

അട്ടപ്പാടി മേലെ മഞ്ചികണ്ടി ഉള്‍വനത്തിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. വെടിവെപ്പില്‍ ഇന്നലെയാണ് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. കർണാടക സ്വദേശി സുരേഷ്. തമിഴ്നാട് സ്വദേശികളായ രമ, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിവാസകത്തിനും മറ്റൊൾക്കും വെടിയേറ്റിരുന്നു. ഇവരെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇവർക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ വീണ്ടും വെടിവയ്പ്പുണ്ടായത്.

അതെ സമയം അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തുന്ന നടപടി നിര്‍ത്തിവെച്ചു. പോസ്റ്റ്മോര്‍ട്ടം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ചാണ് നടത്താനിരുന്നത്. മേഖലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതെ സമയം വ്യാജ ഏറ്റുമുട്ടലാണെന്ന പ്രതിപക്ഷം ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്ന് ഡി.ജി.പി പറഞ്ഞു.

error: Content is protected !!