മഹാരാഷ്ട്രയിൽ പൽഗാർ ജില്ലയിലെ 50 ശിവസേന പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നു

പൽഗാർ: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ പൽഗാർ ജില്ലയിൽ 50 ശിവസേന പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നു. ജില്ലയിലെ അംബേസരി, നാഗ്സരി പ്രദേശങ്ങളിലെ നിന്നുള്ള പഞ്ചായത്തംഗങ്ങൾ ഉൾപ്പടെയുള്ളവരാണ് സി.പി.എമ്മിൽ ചേർന്നത്. ദഹാനു മണ്ഡലത്തിലെ സി.പി.എം സ്ഥാനാർഥി വിനോദ് നിക്കോളെയെ വിജയിപ്പിക്കാനായി പ്രവർത്തിക്കുമെന്ന് ഇവർ വ്യക്തമാക്കി.

അംബേസരിയിൽ നടന്ന സി.പി.എം പൊതുയോഗത്തിൽ രാജിവെച്ചെത്തിയവർക്ക് സ്വീകരണം നൽകി. മഹാരാഷ്ട്രയിലെ സി.പി.എം നേതാക്കളായ അഷോക് ധാവ്ളെ, മറിയം ധാവ്ളെ, സ്ഥാനാർഥി വിനോദ് നിക്കോളെ എന്നിവരും പൊതുയോഗത്തിൽ സംസാരിച്ചു.

ദഹാനു മണ്ഡലത്തിൽ കോൺഗ്രസ്, എൻ.സി.പി, വി.ബി.ഐ എന്നീ പാർട്ടികളുടെ പിന്തുണയും വിനോദ് നിക്കോളെയ്ക്കാണ്. അതിനാൽ ഈ സീറ്റിൽ വിജയിച്ചു കയറാനാകുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. നിലവിൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് ദഹാനു. നിലവിൽ എട്ട് മണ്ഡലങ്ങളിലാണ് സി.പി.എം സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്.

മുതിർന്ന നേതാവും ഏഴ് തവണ എം.എൽ.എയുമായ ജെ.പി ഗാവിത് മത്സരിക്കുന്ന കൽവാൻ മണ്ഡലമാണ് സിപിഎം പ്രതീക്ഷ വച്ചിട്ടുള്ള മറ്റൊരു സീറ്റ്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങൾ ഉൾപ്പടെയുള്ള നേതാക്കൾ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തുന്നുണ്ട്.

error: Content is protected !!