പാകിസ്ഥാന് മുന്നറിയിപ്പുമായി എഫ്.എ.ടി.എഫ്: ഭീകരത ഒതുക്കാന്‍ 4 മാസം സമയം

പാരിസ്: പാകിസ്ഥാന് മുന്നറിയിപ്പുമായി എഫ്.എ.ടി.എഫ്. ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണ് എഫ്.എ.ടി.എഫ്.

ഭീകരവാദത്തിന്റെ സാമ്പത്തിക സ്രോതസുകള്‍ക്കെതിരായ കര്‍മപദ്ധതി 2020 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കണമെന്ന് എഫ്.എ.ടി.എഫ് പ്ലീനറി സമ്മേളനം പാകിസ്ഥാനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അംഗരാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങള്‍ പാകിസ്ഥാനുമായുള്ള വ്യാപാരബന്ധങ്ങളിലും ഇടപാടുകളിലും പ്രത്യേകം ശ്രദ്ധ നല്‍കാന്‍ ആവശ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കുമെന്ന് എഫ്.എ.ടി.എഫ് വ്യക്തമാക്കി.ഭീകരവാദത്തെ തുടച്ചുനീക്കാനായി മുന്നോട്ടുവെച്ച കര്‍മപദ്ധതിയിലെ 27 മാര്‍ഗനിര്‍ദേശങ്ങളില്‍ 22 എണ്ണം നടപ്പാക്കുന്നതിലും പാകിസ്ഥാന്‍ പരാജയപ്പെട്ടതായി എഫ്.എ.ടി.എഫ് നിരീക്ഷിച്ചു.

2020 ഫെബ്രുവരിക്കകം കര്‍മപദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പാകിസ്താനെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണെന്നും എഫ്.എ.ടി.എഫ് വ്യക്തമാക്കി. നിലവില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനെ കരിമ്പട്ടികയില്‍ കൂടി ഉള്‍പ്പെടുത്തിയാള്‍ രാജ്യത്തിന്റെ സ്ഥിതി പരിതാപകരമായിരിക്കും. ഇത് കണക്കിലെടുത്ത് പാകിസ്ഥാന്‍ ആവശ്യമായ നടപടികളിലേക്ക് കടക്കുമെന്നാണ് കരുതുന്നത്. പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു. ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിലാണ് പാക് പ്രധാനമന്ത്രി ഇക്കാര്യം ഉന്നയിച്ചത്.

യോഗത്തില്‍ നേരത്തെ നല്‍കിയ 27 ഇന നിര്‍ദ്ദേശങ്ങളില്‍ 20 എണ്ണം ഫലപ്രദമായി നടപ്പാക്കിയതായി പാക് വിദേശകാര്യമന്ത്രി ഹമദ് അസ്ഹര്‍ വിശദീകരിച്ചിരുന്നു. ചൈന,​ തുര്‍ക്കി,​ മലേഷ്യ എന്നീ രാജ്യങ്ങള്‍ പാകിസ്ഥാന്‍ സ്വീകരിച്ച ഭീകരവിരുദ്ധ നടപടികളെ അഭിനന്ദിച്ചു. ഇവരുടെ പിന്തുണയാണ് കരിമ്പട്ടികയില്‍പ്പെടുന്നതില്‍ നിന്നു പാകിസ്ഥാനെ തുണച്ചത്. എന്നാല്‍ ഭീകരന്‍ ഹാഫിസ് സയ്യിദിന് മരവിപ്പിച്ച അക്കൗണ്ടുകളില്‍ നിന്നു പണമെടുക്കാന്‍ അനുവദിച്ചത് ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 205 രാജ്യങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ലഷ്കറെ തയ്‌ബ, ഫലാഹി ഇന്‍സാനിയത് ഫൗണ്ടേഷന്‍ തുടങ്ങിയ ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം തടയുന്നതിലും നടപടിയെടുക്കുന്നതിലും പരാജയപ്പെട്ടതിന് 2018 ജൂണിലും പാകിസ്ഥാനെ ‘ഗ്രേ’ പട്ടികയില്‍പ്പെടുത്തിയിരുന്നു.

error: Content is protected !!