വര്‍ക്കലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം: വര്‍ക്കല ഗവ. ഹയര്‍ സെക്കഇന്‍ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം നടത്തിയതായി പരാതി. സ്‌കൂളിനുള്ളില്‍ പടക്കം പൊട്ടിച്ചു എന്ന് പറഞ്ഞാണ് പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്.

എന്നാല്‍ ഇക്കാര്യം പൊലീസ് നിഷേധിച്ചു. വിദ്യാര്‍ത്ഥികള്‍ തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഇതിനെ തുടര്‍ന്ന് തങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലാത്തി വീശുകയാണ് ചെയ്തതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

കുട്ടികള്‍ പടക്കം പൊട്ടിച്ചത് സംബന്ധിച്ച്‌ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. ഇത് ലഭിച്ചതിനു ശേഷമാണ് വര്‍ക്കല എസ്.ഐ ബിനുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്‌കൂളിലേക്ക് എത്തിയത്. പൊലീസിന്റെ ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ സുധീഷിന് പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥി ഇപ്പോള്‍ വര്‍ക്കല ശിവഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്.

കബഡി ടീമിലെ അംഗമായിരുന്ന സുധീഷ് അടുത്ത ദിവസം കബഡി ജില്ലാ മത്സരത്തില്‍ പങ്കെടുക്കാന്‍ പോകാനിരിക്കെയാണ് പൊലീസില്‍ നിന്നും ആക്രമണം നേരിട്ടത്. സംഭവത്തെ തുടര്‍ന്ന് അഞ്ച് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്. പൊലീസില്‍ നിന്നും കുട്ടികള്‍ക്ക് മര്‍ദ്ദനം നേരിട്ടതിനെ തുടര്‍ന്ന് നാട്ടുകാരും കുട്ടികളുടെ മാതാപിതാക്കളും പ്രതിഷേധത്തിലാണ്. അധികം താമസിയാതെ തന്നെ പൊലീസുകാര്‍ക്കെതിരെ പരാതി നല്‍കാനുള്ള നീക്കത്തിലാണ് മാതാപിതാക്കള്‍.

error: Content is protected !!