കണ്ണൂര്‍ ജില്ലയില്‍ പാരലല്‍ കോളേജുകളില്‍ പഠിക്കുന്ന പിന്നാക്ക വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം.

ജില്ലയിലെ വിവിധ പാരലല്‍ കോളേജുകളില്‍ 2019-20 വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി, ഡിഗ്രി, പി ജി കോഴ്‌സുകളില്‍ പഠിക്കുന്ന പട്ടികജാതി, മറ്റര്‍ഹ സമുദായ വിദ്യാര്‍ഥികളില്‍ നിന്നും വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, എസ് എസ് എല്‍ സി ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്/ഹയര്‍ സെക്കണ്ടറി മാര്‍ക്ക് ലിസ്റ്റ്/ഡിഗ്രി മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 22 ന് മുമ്പായി പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കേണ്ടതാണ്. പുതുതായി ഒ ഇ സി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വരുമാന പരിധി പ്രതിവര്‍ഷം ആറ് ലക്ഷം രൂപ.

വിദ്യാര്‍ഥികളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകള്‍ സ്റ്റേറ്റ്‌മെന്റ് സഹിതം പ്രിന്‍സിപ്പല്‍മാര്‍ ബന്ധപ്പെട്ട ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് ഡിസംബര്‍ നാലിനകം നകം സമര്‍പ്പിക്കണം. പ്ലസ് വണ്‍ കോഴ്‌സിന് പഠിക്കുന്നവര്‍ ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിച്ചിട്ടും പ്രവേശനം ലഭിച്ചിട്ടില്ല എന്നുള്ളതിന് നോഡല്‍ സ്‌കൂള്‍ മേധാവിയില്‍ നിന്നുള്ള സാക്ഷ്യപത്രം കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം.

വിദൂര പഠന പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പാരലല്‍ കോളേജ് പഠനത്തിന് ആനുകൂല്യം ലഭിക്കുന്നതല്ല. പുതിയ അപേക്ഷകര്‍ വിദൂര പഠന പദ്ധതി പ്രകാരം സാമ്പത്തിക ആനുകൂല്യം കൈപ്പറ്റുന്നില്ലെന്ന് ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷയില്‍ യൂണിവേഴ്‌സിറ്റിയുടെ പേരും പ്രൈവറ്റ്/ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ ആണോ എന്നും വ്യക്തമാക്കിയിരിക്കണം.
അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, കണ്ണൂര്‍, എടക്കാട്, തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിക്കൂര്‍, കല്ല്യാശ്ശേരി, പാനൂര്‍, കോര്‍പ്പറേഷന്‍ എന്നീ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0497 2700596.

error: Content is protected !!