ആടൈ ബോളിവുഡിലേക്ക്: അമലക്ക് പകരം കങ്കണ

അമല പോള്‍ നായികയായെത്തിയ തമിഴ് ചിത്രം ആടൈ റിലീസിന് മുമ്പും ശേഷവും നിരവധി വിവാദങ്ങളാണ് സൃഷ്ടിച്ചത്. നവാഗതനായ രത്നകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമലയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍, ചിത്രം ബോളിവുഡിലേക്ക് മൊഴിമാറ്റം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിൽ നായികയായി നടി കങ്കണ റണാവത്ത് എത്തുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഹിന്ദി പതിപ്പും രത്‌നകുമാര്‍ തന്നെയാവും സംവിധാനം ചെയ്യുക. സംവിധായകന്‍ തന്നെയാണ് ഹിന്ദി പതിപ്പിനെ കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥീരീകരിച്ചത്. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിക്കൊണ്ടിരിക്കുന്ന തലൈവി എന്ന ചിത്രത്തിലാണ് കങ്കണ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

ഈ ചിത്രം പൂര്‍ത്തിയാകുന്നതോടെ ആടൈയുടെ ഹിന്ദി പതിപ്പിനൊപ്പം കങ്കണ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവിതത്തിൽ ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാത്ത കഥാപാത്രമാണ് കാമിനി. ചില കാരണങ്ങളാൽ കാമിനി ഒരു കെട്ടിടത്തിനുള്ളില്‍ നഗ്‌നയാക്കപ്പെടുന്നു. തുടർന്ന് ഇവിടെ നിന്നും രക്ഷപ്പെടാന്‍ കാമിനി നടത്തുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.

error: Content is protected !!