ലോകകപ്പ് ഫുട്ബോള്‍ ലോഗോ പ്രകാശനച്ചടങ്ങ് ആഘോഷമാക്കാനൊരുങ്ങി ഖത്തര്‍

ലോകകപ്പ് ഫുട്ബോള്‍ ലോഗോ പ്രകാശനച്ചടങ്ങ് ആഘോഷമാക്കാനൊരുങ്ങി ഖത്തര്‍ .ചൊവ്വാഴ്ച്ചയാണ് 2022 ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക ചിഹ്നം ഫിഫ അനാവരണം ചെയ്യുന്നത്. ഫിഫയുടെ വെബ്സൈറ്റിലാണ് എംബ്ലം റിലീസിങ് നടക്കുന്നതെങ്കിലും വിപുലമായ രീതിയില്‍ തന്നെ ഈ ചടങ്ങ് ആഘോഷമാക്കാനാണ് ഖത്തറിന്‍റെ തീരുമാനം. ചൊവ്വാഴ്ച്ച ഖത്തര്‍ സമയം രാത്രി 08.22 ന് ദോഹ കോര്‍ണീഷിലെ ഖത്തറിന്‍റെ അഭിമാനസ്തംഭങ്ങളായ കൂറ്റന്‍ ടവറുകള്‍ക്ക് മേല്‍ ലോഗോ പ്രദര്‍ശിപ്പിക്കും.

കത്താറ ആംഫി തീയറ്റര്‍, സൂഖ് വാഖിഫ്, ,ഷെറാട്ടണ്‍ ഹോട്ടല്‍, ടോര്‍ച്ച് ടവര്‍ ദോഹ, ദോഹ ടവര്‍, സുബാറ ഫോര്‍ട്ട്, ആഭ്യന്തര മന്ത്രാലയം തുടങ്ങി കെട്ടിടങ്ങള‍ുടെയെല്ലാം മേല്‍ ലോഗോ ഒരേ സമയം പ്രദര്‍ശിപ്പിക്കും. ദൃശ്യമനോഹരമായ ലേസര്‍ വെളിച്ചത്തിലായിരിക്കും പ്രദര്‍ശനം. ഖത്തറിന് പുറമെ മിഡിലീസ്റ്റിലെ മറ്റ് രാജ്യങ്ങളിലും ഇതെ സമയം ലോഗോ പ്രദര്‍ശിപ്പിക്കും

കുവൈത്തിലെ കുവൈത്ത് ടവര്‍, ഒമാനിലെ ഒപ്പേര ഹൌസ്, ലബനാനിലെ അല്‍ റൌഷ റോക്ക്, ജോര്‍ദ്ദാനിലെ ലെ റോയല്‍ അമ്മാന്‍ ഹോട്ടല്‍, ഇറാഖിലെ ബാഗ്ദാദ് ടവര്‍, തുണീഷ്യയിലെ ഹമ്മാമത്ത് സിറ്റി, അള്‍ജീരിയയിലെ ഒപ്പേര ഹൗസ്, മൊറോക്കോയിലെ അല്‍ റെബാത്ത് കോര്‍ണിഷ് എന്നിവിടങ്ങളിലും ലോകകപ്പ് ചിഹ്നം പ്രദര്‍ശിപ്പിക്കും. മിഡിലീസ്റ്റിന് പുറമെ ബ്രസീല്‍ അര്‍ജന്‍റീന, ചിലി ഇംഗ്ലണ്ട് ഫ്രാന്‍സ് ജര്‍മ്മനി ഇറ്റലി അമേരിക്ക തുടങ്ങി ഇന്ത്യയുള്‍പ്പെടെയുള്ള 23 രാജ്യങ്ങളിലും ലോഗോ പ്രകാശനം നടക്കും. ഇന്ത്യയില്‍ മുംബൈയിലെ ബാബുല്‍നാഥ് ജംഗ്ഷനിലാണ് പ്രദര്‍ശനം ഒരുക്കുന്നത്. വിപുലമായ തയ്യാറെടുപ്പുകളാണ് എംബ്ലം പ്രകാശനത്തോടനുബന്ധിച്ച് രാജ്യത്തിനകത്തും പുറത്തുമായി ഖത്തര്‍ നടത്തുന്നത്.

error: Content is protected !!