ജോസ് ടോം യു.ഡി.എഫ് സ്വതന്ത്രൻ; രണ്ടില ചിഹ്നമില്ല

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. കേരള കോൺഗ്രസ് സ്ഥാനാർഥിയെന്ന നിലയിൽ നൽകിയ പത്രികയാണ് ജില്ല വരണാധികാരി തള്ളിയത്. അതേസമയം, സ്വതന്ത്ര സ്ഥാനാർഥിയായി നൽകിയ പത്രിക സ്വീകരിച്ചു. പി.ജെ. ജോസഫ് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ചിഹ്നം നൽകുന്ന കാര്യത്തിൽ പാർട്ടി ചെയർമാന് തീരുമാനമെടുക്കാമെന്ന് വരണാധികാരി നേരത്തെ വ്യക്തമാക്കിയിരുന്നു.

ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കാത്ത സാഹചര്യത്തിൽ പി.ജെ. ജോസഫ് വിഭാഗത്തിൽ നിന്നുള്ള വിമത സ്ഥാനാർഥി ജോസഫ് കണ്ടത്തിൽ പത്രിക പിൻവലിച്ച് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി.

ജോസ്​ ടോം നൽകിയ രണ്ടു പത്രികയിലും പിഴവുണ്ടെന്ന്​ സൂക്ഷ്​മപരിശോധന വേളയിൽ ജോസഫ്​ വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. തർക്കം ഉയർന്നതിനെത്തുടർന്ന്​ വരണാധികാരി മുഖ്യതെ​രഞ്ഞെടുപ്പ്​ ഓഫിസറുടെ നിർദേശം തേടി. പി.​െജ. ജോസഫിന്​ അനുകൂലമായ കോടതിവിധിയും പാർട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക്​ ജോസ്​​ കെ. മാണിക്ക്​ അധികാരമില്ലെന്നതും കണ്ടെത്തിയ സാഹചര്യത്തിലാണ് ജോസ് ടോമിന്‍റെ​ പാർട്ടി പത്രിക തള്ളിയത്​.

അച്ചടക്ക നടപടി നേരിട്ട സ്​റ്റീഫൻ ജോർജ്​ ഔദ്യോഗിക ഭാരവാഹിയല്ലാത്തതിനാൽ ഫോം ബിയിൽ ഒപ്പിട്ടത്​ അംഗീകരിക്കാനാവില്ല. പത്രികയിലെ ചിലകോളങ്ങൾ പൂരിപ്പിച്ചിട്ടില്ലെന്നും സീൽ വ്യാജമാണെന്നും ജോസഫ്​ വിഭാഗം വാദിച്ചിരുന്നു.

പാലായിൽ ചിഹ്​നം മാണി സാറി​​െൻറ മുഖമാണെന്ന്​ പത്രിക തള്ളിയ ശേഷം ജോസ്​ ടോം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. രണ്ടില ചിഹ്​നം ലഭിച്ചില്ലെങ്കിൽ വിഷമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള കോൺഗ്രസിലെ ജോസ് കെ. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങൾ തമ്മിൽ ചിഹ്നത്തിനായി കടുത്ത വടംവലിയാണ് നടത്തിയത്. ജോസ് കെ. മാണി പക്ഷത്തെ ജോസ് ടോം ആണ് യു.ഡി.എഫ് സ്ഥാനാർഥിയായി പത്രിക നൽകിയത്. എന്നാൽ, ജോസ് ടോമിന് രണ്ടില ചിഹ്നം നൽകില്ലെന്ന് പി.ജെ. ജോസഫ് വിഭാഗം നിലപാടെടുത്തിരുന്നു.

പി.ജെ. ജോസഫ് വിഭാഗത്തിൽ നിന്ന് ജോസഫ് കണ്ടത്തിൽ പത്രിക നൽകിയതോടെ തർക്കം പാരമ്യത്തിലെത്തിയിരുന്നു. ചിഹ്നം നഷ്ടമാകാതിരിക്കാനാണ് സ്ഥാനാർഥിയെ നിർത്തിയതെന്ന് ജോസഫ് വിശദീകരിച്ചിരുന്നു.

error: Content is protected !!