ചിദംബരം 14 ദിവസം തിഹാർ ജയിലിൽ; പ്രത്യേക സെൽ.

ന്യൂഡൽഹി: ഐ‌.എൻ‌.എക്സ് മീഡിയ അഴിമതിക്കേസിൽ രണ്ട് ദിവസത്തെ സി.ബി.ഐ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന് മുൻ ധനമന്ത്രി പി ചിദംബരത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സ്‌പെഷ്യൽ ജഡ്ജി അജയ് കുമാർ കുഹാർ സെപ്റ്റംബർ 19വരെയാണ് ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തിഹാർ ജയിലിലേക്കാണ് മുൻ ആഭ്യന്തരമന്ത്രിയെ കൊണ്ടുപോകുന്നത്.

ഇസഡ് ലെവൽ സുരക്ഷയുള്ള ചിദംബരത്തെ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ചിദംബരത്തിന് ജയിലിൽ മതിയായ സുരക്ഷയുണ്ടാകുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉറപ്പ് നൽകി.

ചിദംബരത്തിന്‍റെ ആരോഗ്യ നിലയും മുന്‍ ധനമന്ത്രി എന്ന പരിഗണനയും വെച്ച് പ്രത്യേക സുരക്ഷയും മരുന്നുകളും നല്‍കണമെന്നും പ്രത്യേക സെല്ലും കിടക്കയും വെസ്‌റ്റേൺ ടോയ് ലെറ്റും ഒരുക്കണമെന്നും അദ്ദേഹത്തിനായി ഹാജരായ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു.

ആഗസ്റ്റ് 21ന് രാത്രി അറസ്റ്റിലായ ചിദംബരം 15 ദിവസമായി സി.ബി.ഐ കസ്റ്റഡിയിലാണ്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്നാണ് സ്‌പെഷ്യൽ ജഡ്ജി അജയ് കുമാർ കുഹാറിനു മുമ്പാകെ സി.ബി.െഎ സംഘം അദ്ദേഹത്തെ ഹാജരാക്കിയത്. എയർസെൽ മാക്സിസ് കേസുകളിൽ ചിദംബരത്തിനും മകൻ കാർത്തിക്കും മുൻ‌കൂർ ജാമ്യം ഇന്ന് അനുവദിച്ചിരുന്നു.

error: Content is protected !!