പി.ജെ ജോസഫ് ആദ്യം ഒട്ടകം കൊണ്ടുപോയി, ഇപ്പോള്‍ രണ്ടിലയും

പാലായിലെ മാണിക്യം കെ.എം മാണി അന്തരിച്ചതോടെ കേരളാ കോണ്‍ഗ്രസിലുണ്ടായ ഉരുള്‍പൊട്ടലിന്റെ പ്രത്യാഘാതം പാല ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ഒഴിഞ്ഞിട്ടില്ല. സ്ഥാനാര്‍ഥിയെ കണ്ടെത്തുന്ന ഘട്ടത്തിലും രൂക്ഷമായ പി.ജെ ജോസഫ്- ജോസ് കെ. മാണി വിഭാഗങ്ങളുടെ തര്‍ക്കം ഒടുവില്‍ യു.ഡി.എഫിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ഒരുവിധം അയവിലെത്തിക്കാനായത്.

എന്നാല്‍ തെരഞ്ഞെുപ്പ് കഴിഞ്ഞാലും തീരാത്തത്ര പ്രശ്‌നം ഇനിയും കേരളാ കോണ്‍ഗ്രസിലുണ്ട്. ചിഹ്നത്തെ ചൊല്ലിയാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസിലെ പ്രധാന പ്രശ്‌നം. ഔദ്യോഗിക ചിഹ്നമായ രണ്ടില സ്ഥാനാര്‍ഥിക്ക് ഇതുവരെ അനുവദിച്ചു നല്‍കിയിട്ടില്ല. അതു നല്‍കാനുള്ള അര്‍ഹത പാര്‍ട്ടി ചെയര്‍മാന്റെ ചുമതലയുള്ള പി.ജെ ജോസഫിനാണ്. എന്നാല്‍ രണ്ടില ചിഹ്നം വേണ്ടന്ന നിലപാടിലാണ് ജോസ് കെ. മാണി വിഭാഗം. രണ്ടില ചിഹ്നം സ്വീകരിക്കാന്‍ യു.ഡി.എഫിന്റെ സമ്മര്‍ദമുണ്ടെങ്കിലും അതു സ്വീകരിച്ചാല്‍ ഫലത്തില്‍ ജോസഫിന്റെ നേതൃത്വം അംഗീകരിക്കലാവും. ഇതാണ് ജോസ് കെ. മാണി വിഭാഗത്തെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.

തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചയുടനെ തന്നെ ജോസ് ടോം പ്രഖ്യാപിച്ചത്, മാണിയുടെ ചിത്രം വച്ച് പോസ്റ്ററടിച്ചാല്‍ പാലായില്‍ ജയിച്ചോളും എന്നാണ്. ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാനില്ലെന്നു തന്നെയാണ് പി.ജെ ജോസഫിന്റെയും ഇതുവരെയുള്ള നിലപാട്. പാലായിലേത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയല്ലെന്നും കേരളാ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിയാണെന്നും പി.ജെ ജോസഫ് പറഞ്ഞു. യു.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് അദ്ദേഹം. അതുകൊണ്ട് പിന്തുണയ്ക്കുമെന്നും ജോസഫ് പറയുന്നു.

കേരളാ കോണ്‍ഗ്രസിന് ഇതാദ്യത്തെ അനുഭവമൊന്നുമല്ല. മുന്‍പും ചിഹ്നപ്പോര് ഉണ്ടായിട്ടുണ്ട്. 1980 ലെ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് കെ.എം മാണി- പി.ജെ ജോസഫ് വിഭാഗങ്ങളായി പിരിഞ്ഞു. മാണി ഇടതുമുന്നണിയിലും ജോസഫ് യു.ഡി.എഫിനുമൊപ്പമായിരുന്നു.

മൂവാറ്റുപുഴ മണ്ഡലത്തില്‍ പൊരിഞ്ഞ പോരാട്ടമായിരുന്നു. മാണി ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥി സിറ്റിങ് എം.പി ജോര്‍ജ് ജെ. മാത്യുവും ജോസഫ് ഗ്രൂപ്പിന്റേത് ജോര്‍ജ് ജോസഫ് മുണ്ടയ്ക്കലുമായിരുന്നു. മാണി ഗ്രൂപ്പിന്റെ ചിഹ്നം കുതിരയായിരുന്നു. ഇതോടെ അപരചിഹ്നം നേടാന്‍ വേണ്ടി ജോസഫ് ഗ്രൂപ്പ് മറ്റൊരു സ്ഥാനാര്‍ഥിയെ കൂടി ഇറക്കി. എന്‍.വി ജോര്‍ജ്. അദ്ദേഹത്തിന് ഒട്ടക ചിഹ്നം കിട്ടി.

വിചാരിച്ചതു തന്നെ നടന്നു. കുതിരയെന്നു കരുതി പലരും ഒട്ടകത്തിനു കുത്തി. ഫലം വന്നപ്പോള്‍ ഒട്ടകത്തിന് 11,859 വോട്ട്. മാണിയുടെ ജോര്‍ജ് ജെ. മാത്യു (കുതിര) 4330 വോട്ടിനു തോല്‍ക്കുകയും ചെയ്തു.

അടുത്ത തെരഞ്ഞെടുപ്പില്‍ ചിഹ്നങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒട്ടകത്തെ ഒഴിവാക്കി. മാണിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു ഇത്. കാലങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസിന്റെ പശുവും കിടാവു അടക്കം എല്ലാ മൃഗങ്ങളെയും ചിഹ്നങ്ങളുടെ കൂട്ടത്തില്‍ നിന്നൊഴിവാക്കി.

error: Content is protected !!