ഓണോത്സവം 2019 സപ്തംബര്‍ 7 മുതല്‍ 14 വരെ; കലാപരിപാടികളുമായി ഡിടിപിസി.

കേരള ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേന സംഘടിപ്പിക്കുന്ന ഓണോത്സവം 2019ന് സപ്തംബര്‍ 7 ന് തുടക്കമാവും. വൈകിട്ട് 6 മണിക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ആര്യോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഓണസന്ദേശം നല്‍കും. മേയര്‍ സുമാ ബാലകൃഷ്ണന്‍, കെ സുധാകരന്‍ എംപി എന്നിവര്‍ മുഖ്യാതിഥികളാവും.



ഉദ്ഘാടന സമ്മേളനത്തിന് ശേഷം പ്രശസ്ത പിന്നണി ഗായകന്‍ ശ്രീനിവാസന്‍, മകള്‍ ശരണ്യ ശ്രീനിവാസന്‍ നയിക്കുന്ന സംഗീതസന്ധ്യ അരങ്ങേറും. സപ്തംബര്‍ 8ന് വനിതാപൂരക്കളി, ഗുജറാത്തി ഡാന്‍സ്, കാരിക്കേച്ചര്‍ ക്ലാസിക്കല്‍ ഡാന്‍സ്, ബലൂണ്‍ ഡാന്‍സ്, റിംഗ് മാജിക്ക് ഡാന്‍സ്, ഷാഡോഷോ എന്നിവ നടക്കും.
സപ്തബര്‍ 9ന് പഞ്ചാബി ഡാന്‍സ്, ഇശല്‍ നൈറ്റ്, മാപ്പിള പ്പാട്ട്, ഒപ്പന, ദഫ് മുട്ട്, അറബന മുട്ട് തുടങ്ങിയ പരിപാടികളാണ് അരങ്ങേറുക. സപ്തംബര്‍ 10ന് അര്‍ജുന നൃത്തം, മറാത്തി ഡാന്‍സ്, വണ്‍മാന്‍ഷോ, ദൃശ്യാവിഷ്‌ക്കാരത്തോടു കൂടിയ നാടന്‍പാട്ട് എന്നിവയും 11ന് കഥക് ഡാന്‍സ്, പിന്നണി ഗായിക മധുശ്രീ നാരായണും സഹോദരി മധുവന്തി നാരായണും അവതരിപ്പിക്കുന്ന സംഗീതസന്ധ്യ-സിംഗിങ് സിസ്റ്റേര്‍സ് തുടങ്ങിയ പരിപാടികളും അരങ്ങേറും. സപ്തംബര്‍ 12 ന് രാജസ്ഥാനി ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ്, മാജിക്ക് ഫ്യൂഷന്‍, റ്റു മാന്‍ ഷോ, മാജിക്ക് എന്നിവ നടക്കും. ഭരത് ഭവന്റെയും സൗത്ത്‌സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ അസം, മണിപ്പൂര്‍, ത്രിപുര, അരുണാചല്‍ പ്രദേശ്, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ കലാരൂപങ്ങള്‍ സപ്തംബര്‍ 13ന് നടക്കും. സപ്തംബര്‍ 14 ന് ചരടുകുത്തി കോല്‍ക്കളി, ഗസല്‍, മണിപ്പൂരി ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ്, എല്‍ഇഡി ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, ഫയര്‍ ഡാന്‍സ് തുടങ്ങിയ പരിപാടികളാണ് നടക്കുക.

ഓണോത്സവം 2019ന്റെ ഭാഗമായി സപ്തംബര്‍ 8ന് തലശ്ശേരിയില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലി ന്റെ സഹകരണത്തോടെ ചന്തുമേനോന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായുളള ചിത്രരചനാ മത്സരവും രാഖി ചാറ്റര്‍ജിയുടെ ഗസല്‍ സന്ധ്യ എന്നിവയും അരങ്ങേറും.
പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ പി മുരളീധരന്‍, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

error: Content is protected !!