ദേശീയ ക്രിക്കറ്റ് ടീമില്‍ കേരളത്തിന്‍റെ കരുത്തായി മിന്നുമണി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ ആദ്യമായി കേരളത്തില്‍ നിന്നൊരു പെണ്‍ കുട്ടി. വയനാട് മാനന്തവാടി ചോയ്മൂല സ്വദേശിയായ മിന്നു മണിയാണ് കേരളത്തിന്‍റെയാകേ അഭിമാനമായി മാറിയിരിക്കുന്നത്. നിലവില്‍ ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനൊപ്പം ബംഗളൂരൂവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരിശീലനത്തിലാണ് മിന്നുമണി. കായിക മന്ത്രി ഇപി ജയരാജന്‍ ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് തരത്തിന്‍റെ നേട്ടം പങ്കുവെച്ചത്.

ഫെയ്സ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

കായിക കേരളത്തിനാകെ അഭിമാനകരമായ നേട്ടമാണ് മിന്നു മണി കൈവരിച്ചിരിക്കുന്നത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് കരുത്തായി വയനാട്ടില്‍ നിന്നുള്ള മിന്നു മണി ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയിരിക്കുന്നു. കേരളത്തിലെ ആദിവാസി വിഭാഗത്തില്‍നിന്ന് ആദ്യമായാണ് ഒരു പെണ്‍കുട്ടി ദേശീയടീമില്‍ എത്തുന്നത്. ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനൊപ്പം ബംഗളൂരൂവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരിശീലനത്തിലാണ് മാനന്തവാടി ചോയ്മൂല സ്വദേശിയായ മിന്നു മണി. ഒക്ടോബര്‍ 4 മുതല്‍ 16 വരെ ബംഗ്ലാദേശില്‍ നടക്കുന്ന എമര്‍ജിംഗ് ഏഷ്യാ കപ്പിലും 20 മുതല്‍ ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യാകപ്പിലും കളിയ്ക്കും.


ഇടംകയ്യന്‍ ബാറ്റിംഗും വലംകയ്യന്‍ ബൗളിംഗുമാണ് മിന്നുവിന്റെ പ്രത്യേകത. ടോപ് ഓര്‍ഡറില്‍ ബാറ്റിംഗിനിറങ്ങുന്ന മിന്നു മികച്ച ഓഫ് സ്പിന്നറാണ്. കേരളത്തിനു വേണ്ടി കാഴ്ചവച്ച മികച്ച പ്രകടനമാണ് ദേശീയ ടീമില്‍ എത്തിച്ചത്. ദക്ഷിണാമേഖലാ ടീമിലും ഇന്ത്യ റെഡ്, ബ്ലൂ ടീമുകള്‍ക്കായും മികച്ച പ്രകടനമായിരുന്നു. കെസിഎയുടെ വുമണ്‍ ക്രിക്കറ്റര്‍ ഒഫ് ദി ഇയര്‍, ജൂനിയര്‍ പ്ലെയര്‍ ഒഫ് ദ ഇയര്‍, യൂത്ത് പ്ലെയര്‍ ഒഫ് ദ ഇയര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനൊപ്പം ഇംഗ്ലണ്ടിനെതിരെ സന്നാഹ മത്സരത്തിലും കളിച്ചു.
തികച്ചും വിപരീത സാഹചര്യങ്ങളോട് പൊരുതി ഉന്നതങ്ങളിലേക്ക് നടന്നു കയറിയ 21 കാരി സംസ്ഥാനത്തിനാകെ അഭിമാനമാണ്. കുറിച്യ വിഭാഗത്തില്‍ നിന്നുള്ള മിന്നുവിന്റെ നേട്ടം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയുടെ മുന്നേറ്റത്തിന് പ്രചോദനമാണ്. താരത്തിന് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ. മിന്നു മണിക്ക് അഭിനന്ദനവും ആശംസകളും നേരുന്നു.

error: Content is protected !!