ജെ എന്‍ യു തെരഞ്ഞെടുപ്പ്: എല്ലാ സീറ്റുകളിലും ഇടത് കൂട്ടായ്മക്ക് മികച്ച ഭൂരിപക്ഷം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സെന്‍ട്രല്‍ പാനലിലെ മുഴുവന്‍ സീറ്റിലും ഇടത് സഖ്യം മുന്നില്‍. പ്രസിഡന്റ് സീറ്റ് അടക്കമുള്ള സെന്‍ട്രല്‍ പാനലിലെ വോട്ടുകളാണ് ഇതിനകം എണ്ണിത്തീര്‍ന്നത്. ബാപ്‌സ-ഫ്രട്ടേണിറ്റി സഖ്യത്തെയും എ.ബി.വി.പിയെയും പിന്നിലാക്കിയാണ് ഇടത് സഖ്യം മുന്നേറ്റിയിരിക്കുന്നത്.

പ്രസിഡന്റ് സ്ഥാനത്ത് ലെഫ്റ്റ് യൂണിറ്റി സ്ഥാനാര്‍ത്ഥി ഐഷെ ഘോഷ് എത്തുമെന്നുറപ്പായി. എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ 2313 വോട്ടുകളാണ് ഐഷെയ്ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ എബിവിപി സ്ഥാനാര്‍ത്ഥി മനീഷ് ജാംഗിദിന് 1128 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. മൂന്നാം സ്ഥാനത്തുള്ള ബാപ്‌സയും എബിവിപിയുമായുള്ള വോട്ട് വ്യത്യാസം വെറും 6 മാത്രം. ജിതേന്ദ്ര സുനയായിരുന്നു ബാപ്‌സ സ്ഥാനാര്‍ത്ഥി.

ഇടത് സ്ഥാനാര്‍ത്ഥി സാകേത് മൂണ്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്‍ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. മൂണിന് 3365 വോട്ടുകള്‍ കിട്ടിയപ്പോള്‍ എബിവിപി സ്ഥാനാര്‍ത്ഥി ശ്രുതി അഗ്‌നിഹോത്രിക്ക് കിട്ടിയത് 1335 വോട്ടുകള്‍ മാത്രമാണ്.

കൗണ്‍സിലര്‍മാരുടെ എണ്ണം ചുരുക്കിയതിനെതിരെ രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് വിജയികളെ പ്രഖ്യാപിക്കുന്നത് ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി ഹൈക്കോടതി സെപ്റ്റംബര്‍ 17 വരെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്. അതിനാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകും.

error: Content is protected !!