യൂറോകപ്പ് ഫുട്ബോൾ യോഗ്യതാ മൽസരത്തിൽ ഗോൾമഴ സൃഷ്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ.

വിൽന്യൂസ്∙ യൂറോകപ്പ് ഫുട്ബോൾ യോഗ്യതാ മൽസരത്തിൽ ഗോൾമഴ സൃഷ്ടിച്ച് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടയോട്ടം. ഹാട്രിക് സഹിതം നാലു ഗോൾ നേടിയ റൊണാൾഡോയുടെ മികവിൽ പോർച്ചുഗൽ ലിത്വാനിയയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്തു. വിൽന്യൂസിൽ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിലാണ് റൊണാൾഡോയുടെ വിസ്മയ പ്രകടനം. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിക്കുകയായിരുന്നു. ഏഴ് (പെനൽറ്റി), 61, 65, 76 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. പോർച്ചുഗലിന്റെ അഞ്ചാം ഗോൾ ഇൻജുറി സമയത്ത് റയൽ ബെറ്റിസ് താരം വില്യം കാർവാലോ നേടി. ലിത്വാനിയയുടെ ആശ്വാസഗോൾ വൈട്ടോട്ടസ് ആൻഡ്രിയൂസ്കേവിസ്യൂസ് (28) സ്വന്തമാക്കി.

ഇതോടെ, യൂറോകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി. റിപ്പബ്ലിക് ഓഫ് അയർലൻഡിനായി 23 ഗോളുകൾ നേടിയ റോബി കീനിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തം പേരിലാക്കിയത്. രാജ്യാന്തര ഫുട്ബോളിൽ ഇതോടെ റൊണാൾഡോയുടെ ഗോൾനേട്ടം 93 ആയി ഉയരുകയും ചെയ്തു. ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകൾ നേടിയ താരങ്ങളിൽ ഒന്നാമതുള്ള ഇറാന്റെ ഇതിഹാസ താരം അലി ദേയിയുടെ റെക്കോർഡിന് 16 ഗോളുകൾ മാത്രം പിന്നിലാണ് റൊണാൾഡോ.

error: Content is protected !!