ഷാ ഫൈസലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് വീട്ടുതടങ്കലിലാക്കി

ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്‍റ് നേതാവും മുന്‍ ഐ.എ.എസ് ഓഫീസറുമായ ഷാ ഫൈസലിനെ ശ്രീനഗറില്‍ വീട്ടുതടങ്കലിലാക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഷാ ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് പോകാനായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു ഷാ ഫൈസല്‍. പൊലീസ് ഇദ്ദേഹത്തെ ശ്രീനഗറിലേക്ക് തിരിച്ചയച്ചു.

കശ്മീരിന്‍റെ പ്രത്യേക പദവി ഒഴിവാക്കിയ മോദി സര്‍ക്കാരിന്‍റെ നടപടിയെ ഷാ ഫൈസല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കശ്മീരില്‍ രാഷ്ട്രീയ അവകാശങ്ങള്‍ പുനസ്ഥാപിക്കാന്‍ സുസ്ഥിരവും അഹിംസാ മാര്‍ഗത്തിലുമുള്ള മുന്നേറ്റം വേണമെന്ന് അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തു.

പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെയും ഷാ ഫൈസല്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നമ്മള്‍ ഇനി എന്തു ചെയ്യുമെന്ന് ചോദിച്ച യുവാക്കളോട് സുപ്രീം കോടതിയില്‍ പോയി നീതി പുനസ്ഥാപിക്കാന്‍ ആവശ്യപ്പെടാമെന്ന് പറഞ്ഞു. ഈ ഭരണഘടനാ വിരുദ്ധമായ നിയമത്തെ വെല്ലുവിളിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. പട്ടാപ്പകല്‍ തങ്ങളില്‍ നിന്നും തട്ടിപ്പറിച്ചെടുത്ത ആ ധനം നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഒരിക്കല്‍ തിരിച്ചുനല്‍കേണ്ടി വരും. പക്ഷേ അപ്പോഴേക്കും നഷ്ടപ്പെട്ടതെല്ലാം നഷ്ടപ്പെട്ടതാണ്. പൊരുതാമെന്ന തങ്ങളുടെ നിശ്ചയദാര്‍ഢ്യമൊഴിച്ച്‌ മറ്റെല്ലാം. തങ്ങള്‍ പൊരുതുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

2009ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസല്‍ ഐ.എ.എസ് പദവി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

error: Content is protected !!