ഇന്ത്യയുടെ ലോകകപ്പ് ടീമിൽ നിന്ന് വിജയ് ശങ്കറിനെ ഒഴിവാക്കി : പകരം മായങ്ക് അഗർവാൾ

ഓൾ റൗണ്ട‍‍ർ വിജയ് ശങ്കറിനെ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കി. കാൽ വിരലിനേറ്റ പരിക്ക് കാരണമാണ് താരത്തെ ഒഴിവാക്കിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ താരം കളിച്ചിരുന്നില്ല. പകരം ഋഷഭ് പന്തിനെയാണ് ഉൾപ്പെടുത്തിയിരുന്നത്. ചെറിയ അസുഖം കാരണമാണ് താരത്തെ ഒഴിവാക്കിയതെന്ന് മത്സരത്തിന് മുമ്പ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പറഞ്ഞിരുന്നു.

എന്നാൽ പരിക്ക് കാരണം താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുകയാണെന്ന് ബിസിസിഐ ഒഫീഷ്യൽ പിടിഐയോട് പറഞ്ഞു. പകരം മായങ്ക് അഗർവാളിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 28കാരനായ മായങ്ക് കർണാടകയുടെ ഓപ്പണറാണ്. കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരെയായിരുന്നു മായങ്കിൻെറ ടെസ്റ്റ് അരങ്ങേറ്റം. ഇതേ വരെ അദ്ദേഹം ഏകദിനത്തിൽ കളിച്ചിട്ടില്ല. പരിശീലനത്തിനിടെ ജസ്പ്രീത് ബുംറ എറിഞ്ഞ പന്ത് കൊണ്ടാണ് ശങ്കറിന് പരിക്കേറ്റത്. ഇതോടെയാണ് താരത്തെ നാട്ടിലേക്ക് പറഞ്ഞയക്കാൻ തീരുമാനിച്ചതെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.

error: Content is protected !!