കര്‍ണാടക: വിമതരുടെ രാജിയില്‍ തീരുമാനമെടുക്കുംവരെ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബി.ജെ.പി

ബംഗളുരു: 16 വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നതുവരെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബി.ജെ.പി. ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറല്ലെന്നാണ് ബി.ജെ.പി പറഞ്ഞത്. ഇത്തരമൊരു സാഹചര്യത്തില്‍ കര്‍ണാടക രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്നും ബി.ജെ.പി വക്താവ് ജി. മധുസൂധന്‍ പറഞ്ഞു.

‘ വിമത എം.എല്‍.എമാരുടെ രാജി സ്വീകരിക്കാനോ തള്ളാനോ സ്പീക്കര്‍ കൂടുതല്‍ സമയം എടുക്കുകയാണെങ്കില്‍ അത്തരമൊരു സാഹചര്യത്തില്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കില്ല. അതുകൊണ്ട് സംസ്ഥാനത്ത് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യും. ‘ മധുസുധന്‍ പറഞ്ഞു.

അതേസമയം കര്‍ണാടക ബിജെപിയിലെ മുതിര്‍ന്ന നേതാവ് ജഗദീഷ് ഷെട്ടാര്‍ ദില്ലിയിലെത്തി അഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായെ കണ്ട് കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെപി നഡ്ഡയേയും ഷെട്ടാര്‍ സന്ദര്‍ശിച്ചു. എന്നിട്ടും സര്‍ക്കാര്‍ രൂപീകരണ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. ഉച്ചയ്ക്ക് ശേഷം വീണ്ടും ഷെട്ടാര്‍ നഡ്ഡയെ കാണുന്നുണ്ട്. കര്‍ണാടകയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ വേണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നതെന്നും അതിനാലാണ് തീരുമാനം വൈകുന്നതെന്നും കര്‍ണാടകയിലെ ബിജെപി നേതാവ് ബസവരാജ്‌ ബൊമ്മയ് പറഞ്ഞു.

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ബിജെപിക്ക് നൂറുശതമാനം ഉറപ്പുണ്ടെന്നും ബിജെപി എംഎല്‍എമാര്‍ മറുകണ്ടം ചാടാന്‍ ഒരു സാധ്യതയുമില്ലെന്നും ബസവരാജ് പറയുന്നു. കര്‍ണാടകയിലെ ഭാവിനടപടികള്‍ സംബന്ധിച്ച് നിയമവിദഗ്ദ്ധരുമായി ബിജെപി നേതൃത്വം ചര്‍ച്ചകള്‍ നടത്തി വരികയാണെന്നാണ് വിവരം.

ആഴ്ചകള്‍ നീണ്ട രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ചേര്‍ന്ന് രൂപീകരിച്ച കുമാരസ്വാമി സര്‍ക്കാര്‍ നിലം പതിച്ചത്. കോണ്‍ഗ്രസിലേയും ജെഡിഎസിലേയും 16 എംഎല്‍എമാര്‍ രാജിസമര്‍പ്പിച്ചതോടെ സര്‍ക്കാരിന് സഭയില്‍ കേവലഭൂരിപക്ഷം നഷ്ടമായതാണ് പ്രതിസന്ധിക്ക് കാരണം. രാജിവച്ച വിമത എംഎല്‍എമാരെ സ്പീക്കര്‍ ഉടനെ അയോഗ്യരാക്കും എന്നാണ് വിവരം. അതേസമയം ബിജെപി ടിക്കറ്റില്‍ വീണ്ടും മത്സരിച്ചു ജയിക്കാം എന്ന പ്രതീക്ഷയിലാണ് രാജിവച്ച എംഎല്‍എമാര്‍.

ഇങ്ങനെ രാഷ്ട്രീയചിത്രം കൃത്യമായി തെളിയാത്ത സാഹചര്യത്തില്‍ ചാടിക്കയറി സര്‍ക്കാര്‍ ഉണ്ടാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ചിന്തയാണ് ബിജെപി കേന്ദ്രനേതൃത്വത്തിനുള്ളത്. കുമാരസ്വാമിയോട് കാവല്‍മുഖ്യമന്ത്രിയായി തുടരാന്‍ ആവശ്യപ്പെട്ട കര്‍ണാടക ഗവര്‍ണര്‍ ഇതുവരെ അടുത്ത നടപടികളേക്ക് കടന്നിട്ടില്ല.

error: Content is protected !!