എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ ഉപവാസ സമരം ഒത്തുതീർന്നു

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ ഉപവാസ സമരം അവസാനിപ്പിച്ചു. വൈദികർ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സഭാ നേതൃത്വം വ്യക്തമാക്കിയതോടെയാണ് ഉപവാസ സമരം അവസാനിപ്പിച്ചത്. താൽക്കാലികമായാണ് സമരം അവസാനിപ്പിച്ചതെന്നും വൈദികർ പറഞ്ഞു.

ഉപവാസം നടത്തിയ വൈദികരുമായി സഭാ നേതൃത്വം ചർച്ച നടത്തിയിരുന്നു. വൈദികരുടെ പരാതികളിൽ ഇടപെടാമെന്ന് സ്ഥിരം സിനഡിലെ അംഗങ്ങൾ അറിയിച്ചു. സഹായമെത്രാന്മാരെ മാറ്റിയത് സിനഡിൽ ചർച്ച ചെയ്യാനും തീരുമാനമായി. വ്യാജരേഖ കേസിലെ പരാതിയിൽ ഇടപെടാനും തീരുമാനിച്ചിട്ടുണ്ട്. പൂർണ സിനഡ് അടുത്ത മാസം ചേരും. എറണാകുളം അങ്കമാലി അതിരൂപതയിൽ അസാധാരണ സാഹചര്യം ഉടലെടുത്തതോടെയാണ് സ്ഥിരം സിനഡ് സമവായ ചർച്ച നടത്തിയത്.

വ്യാജരേഖാക്കേസ് പിൻവലിക്കണം, മാർ ജോർജ് ആലഞ്ചേരി ഭരണച്ചുമതല ഒഴിയണം തുടങ്ങിയ കാര്യങ്ങളായിരുന്നു സമരം ചെയ്ത വൈദികർ പ്രധാനമായും ഉന്നയിച്ചത്. വ്യാജരേഖാക്കേസിലടക്കം ചില കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്നും ഇവർ വാദിച്ചിരുന്നു. ഇന്നലെ വൈദികരുമായി സ്ഥിരം സിനഡ് പ്രതിനിധികളായ മെത്രാന്മാർ 5 മണിക്കൂർ ചർച്ച നടത്തിയെങ്കിലും ഉപവാസ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമായിരുന്നില്ല. എറണാകുളം ബിഷപ്പ് ഹൗസിൽ സമരം ചെയ്യുന്ന വൈദികരെ പ്രതിനിധീകരിച്ച് 9 വൈദികരും സ്ഥിരം സിനഡ് പ്രതിനിധികളായ 4 മെത്രാന്മാരുമായിരുന്നു ഇന്നലെ ചർച്ച ചെയ്തത്.

error: Content is protected !!