കേരളം വീണ്ടും തെരഞ്ഞെടുപ്പ്‌ ചൂടിലേക്ക്: ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അവസാനത്തോടെ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകള്‍ സെപ്റ്റംബര്‍ അവസാന വാരത്തോടെ നടത്താന്‍ സാധ്യത. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഈ സമയത്താകുമെന്നതിനാലാണ് കേരളത്തിലും അപ്പോള്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത തെളിയുന്നത്. ഇക്കാര്യം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയും സ്ഥിരീകരിച്ചിട്ടുണ്ട്.

നാല് എം.എല്‍.എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചതിനെ തുടര്‍ന്നാണ് ആ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. കെ. മുരളീധരന്‍(വട്ടിയൂര്‍ക്കാവ്), അടൂര്‍ പ്രകാശ്(കോന്നി), എ.എം ആരിഫ്(അരൂര്‍), ഹൈബി ഈഡന്‍ (എറണാകുളം) എന്നിവരുടെ മണ്ഡലങ്ങളാണത്. കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാലയിലും മുസ്‌ലിം ലീഗിലെ അബ്ദുല്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മഞ്ചേശ്വരത്തുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്.

ആറ് സീറ്റില്‍ അഞ്ചും യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളാണ്. തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമാണെന്ന് കാണിച്ച് ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ടയച്ചിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമുണ്ടാകുന്നമുറയ്ക്കായിരിക്കും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം. അങ്ങനെയെങ്കില്‍ ഈ ഓണക്കാലം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും ശേഷം തെരഞ്ഞെടുപ്പിന്റെയും സമയമാകും.

error: Content is protected !!