18 വര്‍ഷത്തെ സി പി എം സഹവാസം അവസാനിപ്പിച്ചു; ബ്രാഞ്ച് സെക്രട്ടറി മുസ്ലിം ലീഗില്‍ ചേര്‍ന്നു.

ചെര്‍പ്പുളശ്ശേരി (പാലക്കാട്): സി.പി.എം ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. സി.പി.എം ആലിയംകുളം ബ്രാഞ്ച് സെക്രട്ടറി ഷാനവാസ് ബാബുവാണ് മുസ്‌ലിം ലീഗ് അംഗത്വമെടുത്തത്. വാര്‍ത്താസമ്മേളനത്തിലാണ് ഷാനവാസ് ബാബു സി.പി.എമ്മില്‍ നിന്നുരാജിവച്ചതായി അറിയിച്ചത്. പാര്‍ട്ടിയുടെ പ്രാഥമിമക അംഗത്വം ഉള്‍പ്പെടെയുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെ ഒരുകോര്‍പ്പറേറ്റ് സ്ഥാപനം പോലെ കണ്ട് ലാഭംമാത്രം ലക്ഷ്യമാക്കി ഉപയോഗിക്കുകയാണ് സി.പി.എം നേതാക്കളെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വ്യക്തിരാഷ്ട്രീയ മൂല്യങ്ങള്‍ ബലികഴിച്ച് മുന്നോട്ടുപോവുകയും ചെയ്യുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ നടപടികളില്‍ പ്രതിഷേധിച്ചുമാണ് രാജിയെന്നും ഷാനവാസ് ബാബു പറഞ്ഞു. തന്നെപ്പോലുള്ള നിരവധി പ്രവര്‍ത്തകര്‍ വരുംദിവസങ്ങളില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് പുറത്തുപോരാന്‍ നില്‍ക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അടുത്തദിവസങ്ങളില്‍ തന്നെ വെളിപ്പെടുത്തുമെന്നും ഷാനവാസ് ബാബു പറഞ്ഞു. ഷാനവാസ് ബാബുവിന് ഹരിത പതാകനല്‍കിയും ഹാരാര്‍പ്പണം നടത്തിയുമാണ് ലീഗ് നേതാക്കള്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതംചെയ്തത്.

ഡി.വൈ.എഫ്.ഐ ചെര്‍പ്പുളശ്ശേരി മേഖലാ വൈസ്പ്രസിഡന്റ് കൂടിയായിരുന്ന ഷാനവാസ് ബാബു, 18 വര്‍ഷമായി സി.പി.എമ്മിന്റെ വിവിധ വര്‍ഗ, ബഹുജന സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. എസ്.എഫ്.ഐ ഏരിയാ കമ്മിറ്റിയംഗം, പട്ടാമ്പി സംസ്‌കൃത കോളജ് യൂനിറ്റ് പ്രസിഡന്റ്, മാഗസിന്‍ എഡിറ്റര്‍, വഴിയോരകച്ചവട തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാകമ്മിറ്റിയംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

error: Content is protected !!