ലോകകപ്പ് വിജയികളെ കണ്ടെത്തിയ ബൗണ്ടറി നിയമത്തിനെതിരെ താരങ്ങൾ

ന്യൂഡൽഹി: ന്യൂസിലാൻഡിനെ തോൽപിച്ച് ഇംഗ്ലണ്ട് ജേതാക്കളായ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിൽ വിജയികളെ കണ്ടെത്താൻ ഉപയോഗിച്ച ബൗണ്ടറി നിയമത്തിനെതിരേ വ്യാപക വിമർശനം. വിചിത്രമായ നിയമമെന്നാണ് മുൻ താരങ്ങളും ആരാധകരും പ്രതികരിച്ചത്.

നിശ്ചിത 50 ഓവറിൽ ഇരുടീമും സമനില പാലിച്ചതോടെയാണ് സൂപർ ഓവർ വേണ്ടിവന്നത്. എന്നാൽ, സൂപർ ഓവറിലും ഇരു ടീമും തുല്യ റൺസെടുത്തു. ഇതോടെ, മത്സരത്തിൽ കൂടുതൽ ബൗണ്ടറി നേടിയതിന്‍റെ ആനുകൂല്യത്തിൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കൂടുതൽ ബൗണ്ടറി പരിഗണിച്ച് വിജയിയെ തീരുമാനിക്കുന്ന നിയമമാണ് വ്യാപക വിമർശനം ഏറ്റുവാങ്ങുന്നത്.

മുൻ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് കൈഫ്, യുവരാജ് സിങ്, ഗൗതം ഗംഭീർ, ഓസ്ട്രേലിയയുടെ ബ്രെറ്റ് ലീ തുടങ്ങിയവർ ഈ നിയമത്തെ വിമർശിച്ചു. ബൗണ്ടറി നിയമം അംഗീകരിക്കാൻ പ്രയാസമാണെന്ന് കൈഫ് പറഞ്ഞു. നിയമത്തോട് യോജിക്കാനാവില്ലെന്നാണ് യുവരാജ് സിങ്ങിന്‍റെ നിലപാട്. വിജയിയെ തീരുമാനിക്കാനുള്ള വിചിത്രമായ നടപടിയാണെന്ന് ബ്രെറ്റ് ലീ വിമർശിച്ചു.

error: Content is protected !!