ചിന്മയ വനിതാ കോളേജില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ പീഢനം; പരാതി ഒതുക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ആക്ഷേപം.

കണ്ണൂർ: തളാപ്പ് ചിന്മയ മിഷൻ വനിതാ കോളേജിൽ മാനേജ്മെന്റിന്റെയും പ്രിൻസിപ്പലിന്റെയും ഒരു കൂട്ടം അധ്യാപകരുടെയും മാനസിക പീഡനത്തിന് ഇരയായതിനെ തുടർന്ന് ബോധരഹിതയായി പി.ജി. വിദ്യാർത്ഥിനി ആശുപത്രിയിലായ സംഭവത്തിൽ കേസ് ഒതുക്കിത്തീർക്കാൻ പോലീസിന്റെ ഗൂഢശ്രമമെന്ന് ആരോപണം.

വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം തന്നെ പോലീസിൽ പരാതിപ്പെട്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. അതീവ ഗൗരവമുള്ള പരാതിയായിട്ടും അസാധാരണമായ രീതിയിലാണ് പൊലീസ് കേസ് കൈകാര്യം ചെയ്യുന്നത്. ഒത്തുതീർപ്പിന് നിർബന്ധിക്കുകയാണ് പോലീസ്. കണ്ണൂർ വനിതാ സി ഐയുടെ നേതൃത്വത്തിലാണ് ഒത്തുതീർപ്പ് ശ്രമം നടത്തുന്നത്. കേസിൽ ഉൾപ്പെട്ട അധ്യാപികമാരിൽ ഒരു പോലീസുകാരന്റെ ഭാര്യ ഉള്ളതിനാലും മാനേജ്മെന്റിന്റെ സമ്മർദ്ദവുമാണ് കേസ് ഒതുക്കാനുള്ള ശ്രമത്തിന് പിന്നിൽ. കുട്ടി ഇന്നലെ നൽകിയ പരാതി പൊലീസ് മാനേജ്മെന്റിനും അധ്യാപികമാർക്കും ചോർത്തിക്കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മാനേജ്മെന്റ് നിർബന്ധത്തിന് വഴങ്ങി ഏതാനും അധ്യാപികമാർ വെള്ളിയാഴ്‌ച വാർത്താ സമ്മേളനം നടത്തിയത്. കുട്ടി രഹസ്യമായി നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങളെ ഖണ്ഡിക്കാനുള്ള വിഫല ശ്രമങ്ങൾ വാർത്താ സമ്മേളനത്തിൽ ഉണ്ടായത് പരാതി ചോർത്തി നൽകിയതിന് തെളിവാണ്. ഇത്തരത്തിൽ തീർത്തും നീതി രഹിതവും നിഗൂഢവുമായാണ് പൊലീസ് കേസ് കൈകാര്യം ചെയ്യുന്നത്.

വെള്ളിയാഴ്ച വൈകിട്ട് കുട്ടിയെയും കേസിൽ ഉൾപ്പെട്ട അധ്യാപികമാരെയും വനിതാ സിഐ ഓഫീസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. തുടർന്ന് രക്ഷിതാവിനോടും കുട്ടിയോടും കേസ് ഒതുക്കിത്തീർക്കുന്നതാണ് നല്ലതെന്ന് സി.ഐ പറയുകയായിരുന്നു. എന്നാൽ തന്നെ മാനസികമായി പീഡിപ്പിച്ച അധ്യാപികമാരോട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് നിലപാടിലാണ് വിദ്യാർഥിനിയും രക്ഷിതാവും. മുഖ്യമന്ത്രി, ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി, വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവിടങ്ങളിൽ വിദ്യാർത്ഥിനി പരാതി നൽകിയിട്ടുണ്ട്.

error: Content is protected !!