കണ്ണൂരില്‍ കോണ്‍ഗ്രസിനകത്ത് പൊട്ടിത്തെറി; അര്‍ബന്‍ ബാങ്കില്‍ ഡിസിസി നേതൃത്വം അഴിമതി നടത്തുന്നതായി ആരോപണം.

കണ്ണൂര്‍: ജില്ലയില്‍ കോണ്‍ഗ്രസിനകത്ത് അഴിമതിയാരോപണം. കണ്ണൂര്‍ ഡിസിസി നേതൃത്വത്തിനെതിരെ അഴിമതിയാരോപണവുമായി കോണ്‍ഗ്രസ്സ് എളയാവൂര്‍ മണ്ഡലം കമ്മറ്റിയംഗങ്ങള്‍ രംഗത്തെത്തി. പാര്‍ട്ടി നിയന്ത്രണത്തിലുള്ള കണ്ണൂര്‍ അര്‍ബന്‍ ബാങ്കില്‍ നിന്നും ലോണ്‍ അനുവദിച്ച് കമ്മീഷന്‍ കൈപ്പറ്റുന്നു എന്നാണ് ആരോപണം.

ബാങ്കില്‍ നിന്നും വ്യവസ്ഥകള്‍ ലംഘിച്ച് ഒരു കോടി രൂപ വരെ വായ്പ അനുവദിക്കുകയും ഇതിന് മൂന്ന് ശതമാനം കമ്മീഷന്‍ കൈപ്പറ്റുകയും ചെയ്യുന്നു എന്നാണ് പ്രധാന ആരോപണം. ബാങ്ക് ലോണ്‍ അനുവദിക്കുന്നവരില്‍ നിന്നും ചെയര്‍മാന്റെ ചാരിറ്റബിള്‍ സൊസൈറ്റിയിലേക്ക് നിര്‍ബന്ധിച്ച് സംഭാവന വാങ്ങുക,ബാങ്ക് ഇടപാട്കാരില്‍ നിന്നും വക്കീല്‍ ഫീസ് എന്ന പേരില്‍ വന്‍ തുക ആവശ്യപ്പെടുക തുടങ്ങിയ ആരോപണങ്ങളും ഇവര്‍ ഉന്നയിച്ചു.

കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് എളയാവൂര്‍ മണ്ഡലം കമ്മിറ്റി അംഗങ്ങളും ബൂത്ത് പ്രസിഡന്റുമാരും ഉള്‍പ്പെടുന്ന ഒരു വിഭാഗം ബാങ്ക് ചെയര്‍മാന്‍ കെ പ്രമോദിനും കോണ്‍ഗ്രസ്സ് ജില്ലാ നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചത്. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥികളായി മത്സരിക്കാന്‍ ഒരു വിഭാഗം തീരുമാനിച്ചിരിക്കുകയാണ്.

error: Content is protected !!