മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടി; നിയമസഭയില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് വോട്ട് ചെയ്ത് രണ്ട് ബിജെപി എംഎല്‍എമാര്‍.

ഭോപാല്‍: കര്‍ണാടകക്ക് പിന്നാലെ മധ്യപ്രദേശിലും ‘ഓപറേഷന്‍ താമര’ നടത്തുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പിക്ക് തങ്ങളുടെ എം.എല്‍.എമാരില്‍ നിന്നു തന്നെ മാനക്കേട് നേരിട്ടു. ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ക്രിമിനല്‍ നിയമ ഭേദഗതി ബില്ലില്‍ കമല്‍ നാഥിന്റെ നേതൃത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് അനുകൂലമായാണ് രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ വോട്ടു ചെയ്തത്.

മുന്‍പ് കോണ്‍ഗ്രസ് നേതാക്കളായിരുന്ന നാരായണ്‍ ത്രിപാഠി, ശരാദ് കോല്‍ എന്നിവരാണ് ബി.ജെ.പിയെ തിരിഞ്ഞുകുത്തിയിരിക്കുന്നത്. ത്രിപാഠി മൈഹാര്‍ മണ്ഡലത്തില്‍ നി്‌നനും ശരാദ് കോല്‍ ബിയോഗരി മണ്ഡലത്തില്‍ നിന്നുമുള്ള എം.എല്‍.എമാരാണ്. തങ്ങളുടെ മണ്ഡലത്തിന്റെ വികസന കാഴ്ചപ്പാട് വച്ച് കമല്‍ നാഥിന് പിന്തുണ നല്‍കുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്.
കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമി മന്ത്രി സഭ നിലംപൊത്തിയതിന് പിന്നാലെ മധ്യപ്രദേശിലും രാജസ്ഥാനിലും വേണമെങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ബി.ജെ.പി നേതാക്കളുടെ വ്യാപക പ്രചാരണമുണ്ടായിരുന്നു. തങ്ങളുടെ ഒന്നാമത്തെയും രണ്ടാമത്തെയോ ഒരു നേതാവ് മൂളിയാല്‍പോലും മന്ത്രിസഭയെ താഴെയിറക്കാന്‍ കഴിയുമെന്ന തരത്തില്‍ മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ കമല്‍നാഥിനോട് ഭീഷണി രൂപത്തില്‍ പറഞ്ഞിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടുചെയ്തിരിക്കുന്നത്.

error: Content is protected !!