നിപ : 311 പേര്‍ നിരീക്ഷണത്തില്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ല ആരോഗ്യ വകുപ്പ്

നിപ സ്ഥിരീകരിച്ച യുവാവുമായി അടുത്തിടപഴകിയ അഞ്ച് പേരെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് യുവാവിന്റെ സുഹൃത്തടക്കമുള്ളവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. യുവാവിന്റെ നിലയില്‍ ആശങ്ക വേണ്ടന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. പ്രത്യേക സാഹചര്യം പരിഗണിച്ച് 311 പേരിലേക്ക് നിരീക്ഷണം വ്യാപിപ്പിച്ചു.

ചികിത്സയിലിരിക്കുന്ന യുവാവിന് പിന്നാലെ അഞ്ച് പേരില്‍ കൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് കൂടുതല്‍ പേരിലേക്ക് നിരീക്ഷണം വ്യാപിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവരെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസലോഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലന്നാണ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ചികിത്സയിലിരിക്കുന്ന യുവാവിന്റെ നിലയില്‍ മാറ്റമില്ലങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്.

നിലവില്‍ 311 പേരെ നിരീക്ഷിക്കുന്നുണ്ടങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ പേരിലേക്ക് നിരീക്ഷണം വ്യാപിപ്പിക്കും. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ അഞ്ച് പേരുടെയും സാംപിളുകള്‍ മൂന്നിടങ്ങളിലെ വൈറോളജി ലാബുകളില്‍ പരിശോധനക്ക് അയക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള അതിവേഗ ശ്രമത്തിലാണ് മെഡിക്കല്‍ സംഘം. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തൊടുപുഴ, തൃശൂര്‍, എറണാകുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെയും വിദഗ്ധ സംഘങ്ങള്‍ക്ക് പുറമെ ചെന്നൈ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡൈമോളജി വിദഗ്ധരുടെയും നേതൃത്വത്തിലാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓരോ മേഖലകൾ കേന്ദ്രീകരിച്ചും സ്പെഷ്യൽ ടീമുകൾ രൂപീകരിച്ചിട്ടുണ്ടന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

error: Content is protected !!