പീരുമേട് കസ്റ്റഡി മരണം: നാല് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; ആറ് പേരെ സ്ഥലംമാറ്റി.

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിക്കാനിടയായ സംഭവത്തില്‍ പോലിസുകാര്‍ക്കെതിരേ കൂട്ട അച്ചടക്ക നടപടി. നെടുങ്കണ്ടം എസ്‌ഐ ഉള്‍പ്പടെ നാലു പോലിസുകാരെ സസ്‌പെന്റ് ചെയ്തു. സിഐ ഉള്‍പ്പടെ ആറ് പോലിസുകാരെ സ്ഥലംമാറ്റി. ഹരിത ഫൈനാന്‍സ് വായ്പാ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ വാഗമണ്‍ കോലാഹലമേട് കസ്തൂരിഭവനില്‍ രാജ്കുമാറി (49) ന്റെ മരണം പോലിസ് മര്‍ദനത്തെ തുടര്‍ന്നാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാല്‍ നെടുങ്കണ്ടം സ്‌റ്റേഷനിലെത്തി പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് പോലിസുകാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. നെടുങ്കണ്ടം എസ്‌ഐ കെ എ സാബു, എഎസ്‌ഐ റെജിമോന്‍, ഡ്രൈവര്‍മാരായ നിയാസ്, സജിമോന്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. ഇവരാണ് മരിച്ച രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതെന്നാണ് പ്രാഥമികപരിശോധനയില്‍ വ്യക്തമായത്. സംഭവത്തെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തിയ ശേഷമാണ് പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്ന് ഡിഐജി കാളിരാജ് മഹേഷ്‌കുമാറും മാധ്യമങ്ങളോട് പറഞ്ഞു.

error: Content is protected !!