ഏച്ചൂർ നളന്ദ കോളജ് മാനേജിങ് പാർട്ണർ ടി.എം ഹരീഷ് കുമാർ അന്തരിച്ചു: വിടവാങ്ങിയത് കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനും സാംസ്ക്കാരിക പ്രവത്തകനും

കണ്ണൂർ : ഏച്ചൂർ നളന്ദ കോളേജ് മാനേജിങ് പാട്നർ ടി.എം ഹരീഷ് കുമാർ അന്തരിച്ചു .ഇന്നലെ രാത്രി വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.

കേരളത്തിലെ സമാന്തര വിദ്യഭ്യാസ സ്ഥാപനങ്ങളിൽ മുൻനിരയിലേക്ക് നളന്ദ കോളേജിനെ എത്തിച്ചതിൽ പ്രധാന പങ്കുവഹിച്ച ഹരിമാഷ് ഏവർക്കും പ്രിയപ്പെട്ട അധ്യാപകനായിരുന്നു. മട്ടന്നൂർ കോളേജിൽ നിന്ന് രസതന്ത്രം ഐച്ഛിക വിഷയമെടുത്ത് ബിരുദ പഠനം പൂർത്തിയാക്കിയശേഷമാണ് പ്രകാശൻ, ശശീധരൻ എന്നീ സുഹൃത്തുക്കൾ ചേർന്ന് നളന്ദ എന്നപേരിൽ ഏച്ചൂരിലെ പഴയ കടമുറിക്കുമുകളിൽ ട്യൂഷൻ സെന്റർ തുടങ്ങുന്നത്. തുടർന്ന് ഈ മൂന്നുപേരുടെ സ്നേഹ കൂട്ടായ്മയാണ് സാധാരണക്കാരുടെ മക്കൾക്ക് ഉന്നത വിദ്യഭ്യാസം എന്ന സ്വപ്നത്തിന് താങ്ങും തണലുമായ ഇന്ന് കാണുന്ന നളന്ദ കോളേജാക്കി ഉയർത്തിയത്. നളന്ദയിൽ എത്തുന്ന ഓരോ കുട്ടികൾക്കും പ്രിയപ്പെട്ട അധ്യാപകൻ എന്നതിനുമപ്പുറം വഴികാട്ടിയായിരുന്നു ഹരിമാഷ്. പണമില്ലാത്തതിന്റെ പേരിൽ പഠിക്കാൻ കഴിയാത്ത ഒരുപാട് കുട്ടികൾക്ക് താങ്ങായി. അതു കൊണ്ടുതന്നെയാണ് മാഷിൻറെ സ്നേഹത്തണലിൽ വളർന്ന കുട്ടികൾ പലരും ഇടയ്ക്കിടെ മാഷിനെ കാണാൻ കോളേജിലേക്ക് ഇന്നും എത്താറുണ്ട് .

ഇന്നലെ വൈകുന്നേരം വരെ ഏച്ചൂരിന്റെ വീഥികളിൽ ഓരോരുത്തരോടും തൻറെ സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചും സംസാരിച്ചും നടന്ന മാഷിൻറെ വിയോഗ വാർത്ത ഞെട്ടലോടെയാണ്ഏച്ചൂർ എന്ന ഗ്രാമവും പ്രിയ ശിഷ്യരും കേട്ടത് .ഏച്ചൂരിന്റെ ചരിത്രം എഴുതുമ്പോൾ ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത പേരാണ് ഹരിമാഷിന്റേത് എന്നാണ് എഴുത്തുകാരനും സാംസ്ക്കാരിക പ്രവത്തകനുമായ സുധീർ പൂച്ചാലി തൻറെ ഫേസ് ബുക്കിൽ കുറിച്ചത് .നളന്ദയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ സാംസ്കാരിക രംഗത്തുള്ള എം.ടി. ടി.പത്മനാഭൻ മുതൽ , വിനീത് ശ്രീനിവാസൻ വരെ പല പരിപാടികളിലായി നളന്ദയിലെത്തിയത് ഹരിമാഷിന്റെ നേതൃത്വത്തിലാണ് . ടി.പി ഭാസ്കര പൊതുവാൾ മാഷിന്റെ മലയാള ഭാഷ പാഠശാലയുമായി ബന്ധപ്പെടുത്തി അവാർഡുകൾ ഏർപ്പെടുത്തി. സാംസ്കാരിക രാഷ്ട്രിയ രംഗത്തുള്ള മിക്കവരുമായി ഹരി മാഷിന് അടുത്ത സ്നേഹബന്ധമുണ്ട്.

മൃഗസംരക്ഷണ വകുപ്പിൽ ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയി ജോലി ചെയ്യുമ്പോഴും സാമൂഹ്യ സാംസ്ക്കാരിക,വിദ്യാഭ്യാസ,ആദ്ധ്യാത്മിക മേഖലകളിൽ സജീവ സാന്നിധ്യമായി. ഏച്ചൂർ കുയ്യാൽ മഹാദേവ ക്ഷേത്രത്തിന്റെ അമരക്കാരനായ ഹരിമാഷിൻ്റെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖരായ അത്മീയ പ്രഭാഷകൻന്മാരെ കുയ്യാൽ അമ്പലത്തിൽ എത്തിക്കാനായി. ആഴത്തിലുള്ള വായന എങ്ങനെ ഒരു നല്ല മനുഷ്യനെ പ്രധാനം ചെയ്യും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഹരിമാഷ് .പുരാണ ഇതിഹാസങ്ങളിലെ നന്മയുടെ ഏടുകൾ മാഷ് സമൂഹത്തിനായി നൽകി .നളന്ദയിൽ പൂർവ്വ വിദ്യാർത്ഥികളുടെ ഒരു വലിയ സംഗമം നടത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് പെടുന്നനെ ,അവരുടെ പ്രിയപ്പെട്ട ഹരിമാഷ് യാത്രയായത് .

ഏച്ചൂർ വെസ്റ്റ് യൂ പി സ്കൂൾ അദ്ധ്യാപിക പ്രസീജയാണ് ഭാര്യ ,മക്കൾ ജിഷ്ണുദേവ് (എഞ്ചിനീയറിങ് വിദ്യാർത്ഥി ),കൃഷ്ണപ്രീയ (മുണ്ടേരി ജി വി എച് എസ് എസ് പ്ലസ്‌ടു വിദ്യാർത്ഥി ) നാളെ രാവിലെ 8.30ന് നളന്ദ കോളേജില്‍ പൊതു ദര്‍ശനത്തിന് വെച്ചതിന് ശേഷം 11 മണിക്ക് തറവാട് ശ്മശാനത്തില്‍ സംസ്‌കരിക്കും.

error: Content is protected !!