ലോകക്കപ്പ്: ഇന്ത്യയ്ക്ക് ഓസീസിനെതിരെ മിന്നും ജയം.

ലോകകപ്പിലെ രണ്ട് മത്സരങ്ങളും വിജയിച്ച് ടീം ഇന്ത്യ. ആസ്ട്രേലിയക്കെതിരെ 36 റണ്‍സിന് വിജയിച്ചതോടെ ടൂര്‍ണ്ണമെന്‍റില്‍ ആധിപത്യം നിലനിര്‍ത്തിയിരിക്കുകയാണ് നീലപ്പട. 352 എന്ന വലിയൊരു ടോട്ടല്‍ ആസ്ട്രേലിയക്ക് മുന്നില്‍ കെട്ടിപ്പടുത്തതോടെ വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കിയ ഇന്ത്യ ബൌളിങ്ങിലും മികച്ചു നിന്നു. 50 ഓവറില്‍ 316 റണ്‍സിന് ഓസീസ് ഇന്നിങ്ങ്സ് അവസാനിച്ചു.

ഇന്ത്യയുടെ തുടക്കം പോലെ സന്തുലിതമായിരുന്നു ഓസീസിന്‍റേതും. നായകന്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണ്ണറും നല്‍കിയ മികച്ച തുടക്കത്തില്‍ നിന്നും മത്സരത്തിന്‍റെ പല ഘട്ടങ്ങളിലും ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്താന്‍ കങ്കാരുക്കള്‍ക്ക് സാധിച്ചു. അവസാന ഓവറുകളിലെ അലക്സ് ക്യാരിയുടെ വെടിക്കെട്ട് പോലും ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരിക്കുന്ന നേരത്തും ഓസീസിന് പ്രതീക്ഷയായിരുന്നു. ആയതിനാല്‍ ഒരു വണ്‍ സൈഡഡ് മാച്ച് എന്ന ബോറടിയില്‍ നിന്ന് പല ഘട്ടങ്ങളിലും ആരാധകര്‍ക്ക് മോക്ഷം ലഭിച്ചു.

അര്‍ദ്ദ സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണ്ണറും(56) സ്റ്റീവ് സ്മിത്തും(69) മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ വലിയൊരു ടോട്ടല്‍ പിന്‍തുടരുന്നതിന്‍റെ സമ്മര്‍ദ്ദം അവരെ അധിക ദൂരം സ‍ഞ്ചരിക്കാന്‍ സമ്മതിച്ചില്ല. എതിര്‍ ടീമിന് മുന്നില്‍ പൊട്ടിത്തെറിച്ച രീതിയില്‍ ബാറ്റ് വീശുന്ന വാര്‍ണ്ണറല്ല, പകരം, പതിയെ വിക്കറ്റ് നഷ്ടപ്പെടുത്താതെ പതിയെ ബാറ്റ് വീശിയ വാര്‍ണ്ണര്‍ നിരാശയാണ് ഓസീസിന് സമ്മാനിച്ചത്.

എന്നിരുന്നാലും സ്മിത്തും ഖ്വാജയും(42) ഓസീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അറ്റാക്കിലേക്ക് തിരിച്ചെത്തി പുതിയ സ്പെല്‍ ആരംഭിച്ച ബുംറ ഖ്വാജയെ പുറത്താക്കിയതോടെ അതും അവസാനിച്ചു. ഒരോവറില്‍ സ്മിത്തിനേയും സ്റ്റോയിണിസിനേയും(0) ബുവനേശ്വര്‍ മടക്കിയതോടെ കളിയില്‍ ആധിപത്യം സൃഷ്ടിക്കാന്‍ ഇന്ത്യക്കായി. തൊട്ടടുത്ത് തന്നെ മാക്സ്‍വെല്‍(28) കൂടി പോയതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമായി. എങ്കിലും വേഗത്തില്‍ അര്‍ദ്ദ സെഞ്ച്വറി നേടിയ അലക്സ് ക്യാരി മികച്ച വണ്‍ മാന്‍ ഷോയാണ് അവസാന ഓവറുകളില്‍ കാഴ്ച വെച്ചത്. 35 പന്തിൽ നിന്നും അഞ്ച് ബൗണ്ടറികളും ഒരു സിക്സറുമുൾപ്പടെ 55 റൺസായിരുന്നു ക്യാരി അടിച്ചു കൂട്ടിയത്..

ബുംറയും ബുവനേശ്വറും കുല്‍ദീപും ചഹാലുമെല്ലാം ആവശ്യമുള്ള സമയങ്ങളില്‍ വിക്കറ്റുകള്‍ നേടി ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. ബുംറയും ബുവിയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് വിക്കറ്റ് നേടിയില്ലെങ്കിലും നന്നായി തന്നെ ബോള്‍ ചെയ്തു. ചഹാല്‍ രണ്ട് വിക്കറ്റ് നേടി.

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ഇന്ത്യന്‍ ഇന്നിങ്ങ്സിന് അടിത്തറ പാകി മികച്ചൊരു ഓപ്പണിങ്ങ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 127 റണ്‍സിന്‍റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് മുറിയുമ്പോള്‍ ഇന്ത്യ മികച്ച നിലയിലായിരുന്നു. നായകന്‍ കോഹ്‍ലി ക്രീസിലേക്കെത്തുകയും ഒരു സമ്മര്‍ദ്ദവുമില്ലാതെ ശിഖറിനെ പിന്തുണക്കുകയും ചെയ്യുന്നു. പിന്നീട് കാര്യങ്ങള്‍ കൂറേക്കൂടി എളുപ്പമായി. ശിഖര്‍ സെഞ്ച്വറിയിലേക്ക്. ധവാന്‍റെ പതിനേഴാമത് സെഞ്ച്വറിയാണിത്. മത്സരത്തിന്‍റെ തുടക്കത്തില്‍ സ്റ്റോയിണിസിന്‍റെ പന്ത് കൈയില്‍ തട്ടി അസ്വസ്ഥത നേരിട്ടെങ്കിലും പിന്‍മാറാതെ ധവാന്‍ ബാറ്റ് വീശി. വിക്കറ്റ് വലിച്ചെറിയാതെ ബാറ്റ് ചെയ്ത അദ്ദേഹത്തിന് മികച്ച പിന്തുണയാണ് ഓപ്പണിങ്ങ് പെയറായ രോഹിത് ശര്‍മ്മ നല്‍കിയത്. രോഹിത് 67 പന്തുകളില്‍ നിന്നും 57 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 109 പന്തുകളില്‍ നിന്ന് 117 റണ്‍സ് നേടിയാണ് ശിഖര്‍ പുറത്തായത്. ഏവരെയും അമ്പരപ്പിക്കുന്ന ഒരു തീരുമാനമായിരുന്നു പിന്നീട്. നാലാമനായി ഹാര്‍ദ്ദിക് പാണ്ഡ്യ ക്രീസിലെത്തുന്നു. ആദ്യത്തെ ഒരു ഏഴ് പന്തുകളെല്ലാം പതിയെ ബാറ്റ് വീശിയ പാണ്ഡ്യ പിന്നീട് അക്രമകാരിയാവുകയായിരുന്നു. ഫോറുകളും സിക്സറുകളും പറത്തി പാണ്ഡ്യ കളം നിറഞ്ഞു. അതിനിടക്ക് നായകന്‍റെ അര്‍ദ്ദ സെഞ്ച്വറിയും. നാല് ബൌണ്ടറികളും മൂന്ന് സിക്സറുകളും നേടി 48 റണ്‍സ് എന്ന സമ്പാദ്യവുമായി ഇന്നിങ്ങ്സിന് വേഗത കൂട്ടി പാണ്ഡ്യ പുറത്ത്. മറു കരയില്‍ നായകന്‍ കോഹ്‍ലി മനോഹരമായ ക്ലാസിക് ഷോട്ടുകളിലൂടെ ഓസീസിന്‍റെ മുന്‍നിര ബൌളര്‍മാരെ വിറപ്പിക്കുകയായിരുന്നു. പിന്നീട് ധോണിയുടെ ഊഴം. അവസാന ഓവറുകളില്‍ കൂടുതല്‍ സ്ട്രൈക്കും ധോണിക്ക് തന്നെയായിരുന്നു. 14 പന്തുകളില്‍ നിന്നും 27 റണ്‍സെടുത്ത് ധോണിയെ പുറത്താക്കാന്‍ പന്തെറിഞ്ഞ സ്റ്റോയിണിസ് എടുത്ത ക്യാച്ച് വളരെ മികച്ചതായിരുന്നു. വിരാട് കോഹ്‍ലി 82(77) റണ്ണെടുത്ത് പുറത്തായി.

മികച്ച ഫീല്‍ഡിങ്ങ് പ്രകടനമായിരുന്നു ഓസീസിന്‍റേത്. ബൌണ്ടറി ലൈനിനരികെ അവര്‍ സേവ് ചെയ്ത റണ്‍സ് കുറച്ചൊന്നുമല്ല. കമ്മിന്‍സ്, സ്റ്റാര്‍ക്ക്, കൌട്ടര്‍നൈല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. സ്റ്റോയിണിസ് അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

error: Content is protected !!