കോസ്‌റ്റ് ഗാർഡിൽ പത്താംക്ലാസുകാർക്ക് അവസരം, ശമ്പളം: 21,700 രൂപ

തീരസംരക്ഷണ സേനയിൽ (ഇന്ത്യൻ കോസ്‌റ്റ് ഗാർഡ്) നാവിക് (ഡൊമസ്‌റ്റിക് ബ്രാഞ്ച്- കുക്ക്, സ്‌റ്റ്യുവാർഡ്) ഒഴിവുകളിലേക്ക് ഉടൻ അപേക്ഷിക്കാം. 02/2019 ബാച്ചിലാണു പ്രവേശനം. പുരുഷന്മാർക്കാണ് അവസരം. 2019 ഒക്ടോബറിൽ കോഴ്‌സ് തുടങ്ങും. ഓൺലൈനായി ജൂൺ 5 മുതൽ അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 10.

യോഗ്യത:  കുറഞ്ഞതു മൊത്തം 50% മാർക്കോടെ പത്താംക്ലാസ് ജയം. എസ്‌സി/എസ്ടി വിഭാഗക്കാർക്കും കായികതാരങ്ങൾക്കും മാർക്കിൽ അഞ്ചു ശതമാനം ഇളവുണ്ടാകും.

പ്രായം:  18– 22 വയസ്. 2019 ഒക്ടോബർ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.  1997 ഒക്ടോബർ ഒന്നിനും 2001 സെപ്റ്റംബർ 30നും മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). എസ്‌സി\എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

ശമ്പളം :  21700 രൂപ. മറ്റ് അലവൻസുകളും ഉണ്ടായിരിക്കും.

ശാരീരിക യോഗ്യത:

ഉയരം : കുറഞ്ഞത് 157 സെമീ.

നെഞ്ചളവ്: ആനുപാതികം, കുറഞ്ഞത് അഞ്ചു സെമീ വികാസം വേണം.

തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.

കാഴ്‌ചശക്‌തി:  6/36 (Better Eye), 6/36(Worse Eye)

സാധാരണ കേൾവിശക്‌തിയും ആരോഗ്യമുള്ള പല്ലുകളും ഉണ്ടായിരിക്കണം. രോഗങ്ങളോ വൈകല്യങ്ങളോ പകർച്ചവ്യാധികളോ പാടില്ല.

പരിശീലനം: 2019  ഒക്ടോബറിൽ ഐഎൻഎസ് ചിൽകയിൽ പരിശീലനം തുടങ്ങും.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിൽ.

പരീക്ഷാകേന്ദ്രങ്ങൾ: വെസ്റ്റേൺ സോണിൽ ഉൾപ്പെടുന്ന കേരളത്തിലുള്ളവർക്ക് മുംബൈയിലാണ് പരീക്ഷാകേന്ദ്രം. പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക ഇതോടൊപ്പം.

കായികക്ഷമതാ പരീക്ഷ: ഇനി പറയുന്ന ഇനങ്ങളുണ്ടാകും.
1. ഏഴു മിനിറ്റിൽ 1.6 കിമീ ഓട്ടം.
2. 20 സ്‌ക്വാറ്റ് അപ്സ്
3. 10 പുഷ് അപ്

അപേക്ഷിക്കേണ്ട വിധം: www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർഥിക്ക് ഇ–മെയിൽ, മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. ഫോട്ടോഗ്രാഫ്, ഒപ്പ് എന്നിവ നിർദ്ദിഷ്ട വലിപ്പത്തിൽ അപ്‌ലോഡ് ചെയ്യണം. വിജയകരമായി അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ആപ്ലിക്കേഷൻ/ റജിസ്ട്രേഷൻ നമ്പർ ലഭിക്കും. പിന്നീടുള്ള ആവശ്യങ്ങൾക്കായി ഈ നമ്പർ സൂക്ഷിച്ചുവയ്ക്കണം. http://joinindiancoastguard.gov.in/reprint.aspx എന്ന ലിങ്കിൽ നിന്നു ജൂൺ 20 മുതൽ 26 വരെ ഉദ്യോഗാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം.

ഉദ്യോഗാർഥി റജിസ്‌ട്രേഷൻ നമ്പർ സഹിതമുള്ള അഡ്മിറ്റ് കാർഡിന്റെ മൂന്ന് പ്രിന്റ് ഔട്ട് എടുക്കണം. ഇതിൽ മൂന്നിലും കളർ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കണം. (ഫോട്ടോയ്ക്ക് ഒരുമാസത്തിലധികം പഴക്കം പാടില്ല. നീലനിറത്തിലുള്ള പശ്ചാത്തലം വേണം). തിരഞ്ഞെടുപ്പു കേന്ദ്രത്തിലെത്തുമ്പോൾ ഈ പ്രിന്റ് ഔട്ടുകൾ ഉദ്യോഗാർഥി കൈയിൽ കരുതണം.

പ്രിന്റ് ഔട്ടിനൊപ്പം എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, ജാതി സർട്ടിഫിക്കറ്റ് (ബാധകമായവർ), ഡൊമിസൈൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയിൽ രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒറിജിനലും, 10 പാസ്പോർട്ട് സൈസ് ഫോട്ടോയും കൈയിൽ കരുതണം. അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ പകർപ്പുമില്ലാതെ റിക്രൂട്മെന്റ് കേന്ദ്രത്തിലെത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

വിശദവിവരങ്ങൾക്ക്: www.joinindiancoastguard.gov.in

error: Content is protected !!