തെലങ്കാനയില്‍ 12 കോണ്‍ഗ്രസ് എം എല്‍ എമാര്‍ പാര്‍ട്ടി വിട്ട്‌ ടി ആര്‍ എസ്സിലേക്ക്‌

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി 12 എം എല്‍ എമാര്‍ പാര്‍ട്ടി വിട്ടു. സംസ്ഥാനത്തിന്റെ വികസനത്തിനായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി വിട്ട എം എല്‍ എമാര്‍ തീരുമാനിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമസഭാ സാമാജികനുമായ ഗാന്ദ്ര വെങ്കട്ട രമണ റെഡ്ഢി അറിയിച്ചു. തങ്ങളെ തെലുങ്കാന രാഷ്ട്ര സമിതിയില്‍ (ടി ആര്‍ എസ്) ലയിപ്പിക്കുന്നതിന് നിയമസഭാ സ്പീക്കര്‍ പി ശ്രീനിവാസ റെഡ്ഢിയെ കണ്ട് എം എല്‍മാര്‍ സന്നദ്ധത അറിയിച്ചതായും രമണ റെഡ്ഢി വ്യക്തമാക്കി.

നല്‍ഗോണ്ട മണ്ഡലത്തില്‍ നിന്ന് എം പിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് എം എല്‍ എ സ്ഥാനത്തു നിന്ന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഉത്തം കുമാര്‍ റെഡ്ഢി രാജിവച്ചതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം 18ലേക്കു ചുരുങ്ങിയിരുന്നു. 119 ആണ് തെലങ്കാന നിയമസഭയിലെ ആകെ അംഗസംഖ്യ.

‘കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്താണ് മുഖ്യമന്ത്രിക്ക് പിന്തുണ അറിയിക്കാനും അദ്ദേഹവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള താത്പര്യം അറിയിക്കാനും തീരുമാനിച്ചത്. തങ്ങളെ ടി ആര്‍ എസില്‍ ലയിപ്പിക്കുന്നതിനായി സ്പീക്കറോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.’- രമണ റെഡ്ഢി വെളിപ്പെടുത്തി.

ടി ആര്‍ എസില്‍ ലയിപ്പിക്കാനുള്ള, കോണ്‍ഗ്രസ് വിട്ട എം എല്‍ എമാരുടെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചാല്‍ ആറിലേക്ക് ചുരുങ്ങുന്ന കോണ്‍ഗ്രസിന് പ്രതിപക്ഷ പാര്‍ട്ടി പദവി നഷ്ടമാകും. ഹൈദരാബാദില്‍ നിന്നുള്ള ലോക്‌സഭാംഗം അസദുദ്ധീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനിന് (എ ഐ എം ഐ എം) നിയമസഭയില്‍ ഏഴ് അംഗങ്ങളുണ്ട്. ബി ജെ പിക്ക് ഒരംഗമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 88 സീറ്റ് നേടിയാണ് ടി ആര്‍ എസ് അധികാരത്തിലെത്തിയത്.

error: Content is protected !!