ഡിഫ്തീരിയ ബാധിച്ച് മരണമെന്ന് സംശയം; കാസര്‍കോട്ടും കണ്ണൂരും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം.

കാസര്‍കോട്: കുഴല്‍ക്കിണര്‍ നിര്‍മാണ തൊഴിലാളിയുടെ മരണം ഡിഫ്തീരിയ(തൊണ്ടമുള്ള) കാരണമെന്ന സംശയത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ട ചിറ്റാരിക്കാല്‍ സ്വദേശിയായ 35കാരനാണ് ഡിഫ്തീരിയയാണെന്ന സംശയമുയര്‍ന്നിട്ടുള്ളത്. ചെറുപുഴയിലെ മലബാര്‍ കുഴല്‍ക്കിണര്‍ നിര്‍മാണ കമ്പനിക്കു വേണ്ടി ജോലിയെടുത്തിരുന്ന ഇദ്ദേഹം തട്ടാരി, പോളയാട്, ചെങ്ങളായി പഞ്ചായത്തിലെ കൊളത്തൂര്‍, മയ്യില്‍, ഇരിട്ടി, ആലക്കോട്, ബക്കളം, കരുവഞ്ചാല്‍, ചെമ്പേരി, ശ്രീകണ്ഠാപുരം, പയ്യാവൂര്‍ എന്നിവിടങ്ങളില്‍ ജൂണ്‍ 20 മുതല്‍ 27 വരെ തൊഴിലെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹം തൊഴിലെടുത്ത സ്ഥലങ്ങളിലും സഹപ്രവര്‍ത്തകരിലും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എല്ലാ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഫീല്‍ഡ് സ്റ്റാഫുകള്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. കണ്ണൂര്‍ ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. പി എം ജ്യോതിയാണ് ഇതുസംബന്ധിച്ച നോട്ടീസ് ആശുപത്രികള്‍ക്കും മറ്റും അയച്ചിട്ടുള്ളത്. കലശമായ തൊണ്ട വേദനയുമായെത്തുന്നവരെ നിരീക്ഷിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

error: Content is protected !!