തെരുവ് ബാല്യ വിമുക്ത കേരളം ലക്ഷ്യം; കണ്ണൂരില്‍ ആറു കുട്ടികള്‍ക്ക് പുനരധിവാസം.

കണ്ണൂർ∙തെരുവ് ബാല്യ വിമുക്ത കേരളം ലക്ഷ്യമിട്ടു ജില്ലയിൽ ആദ്യമായി തുടങ്ങിയ ശരണ ബാല്യം പദ്ധതിയിൽ 6 കുട്ടികൾക്ക് പുനരധിവാസം. മോശം സാഹചര്യത്തിൽ കഴിയുകയായിരുന്ന കുട്ടികളെയാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് ഏറ്റെടുത്തു പുനരധിവാസം ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യം പത്തനംതിട്ടയിൽ ആരംഭിച്ച പദ്ധതി തുടർന്നു കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകൾക്കു ശേഷം ഈ വർഷമാണു കണ്ണൂരിൽ തുടങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.

ബാലവേല, ബാലഭിക്ഷാടനം, തെരുവിൽ അകപ്പെടൽ, കുട്ടിക്കടത്ത് എന്നിങ്ങനെ ദുരിതത്തിലാകുന്ന കുട്ടികൾക്ക് അഭയമേകാനുള്ളതാണ് പദ്ധതി. ഇതിനു പുറമേ അതിക്രമങ്ങൾക്കും മദ്യം, ലഹരി പദാർഥങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു ചൂഷണങ്ങൾക്കു വിധേയമാകുന്ന കുട്ടികളെയും സംരക്ഷിക്കുന്നതിനുള്ള നടപടി പദ്ധതി മുഖേന നടക്കും.
ബാലവേല-ബാല ഭിക്ഷാടന-തെരുവു ബാല്യ വിമുക്ത കേരളം എന്നതാണു പദ്ധതിയുടെ ഉദ്ദേശം. തീർഥാടന കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ട്രെയിനുകൾ, തിരക്കേറിയ നഗര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിന്റെ നിരീക്ഷണമുണ്ടാകും.

ഇത്തരം ഇടങ്ങളിലേക്കു ഇതര സംസ്ഥാനങ്ങളിൽ നിന്നു കുട്ടികളെ ബാല ഭിക്ഷാടനത്തിനും വേലയ്ക്കും ചൂഷണത്തിനും എത്തിക്കുന്നു എന്ന റിപ്പോർട്ടിനെ തുടർന്നു 2017ലാണ് പദ്ധതി ആരംഭിച്ചത്. ജില്ലയിലെ ഇത്തരം കേന്ദ്രങ്ങൾ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നിരീക്ഷണത്തിലാണ്.

error: Content is protected !!