‘വായു’ ചുഴലിക്കാറ്റ്; ഗുജറാത്തില്‍ അതീവ ജാഗ്രത, രണ്ടേകാല്‍ ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപപ്പെട്ട നാശകാരിയായ വായു ചുഴലിക്കാറ്റ് ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലേക്ക് നീങ്ങുന്നതായി അന്തരീക്ഷ വിജ്ഞാന പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൗരാഷട്രയിലും കച്ചിലും അടുത്ത രണ്ടു ദിവസം കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. ഇതേ തുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാര്‍ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിക്കുകയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ 500 ഗ്രാമ പ്രദേശങ്ങളില്‍ നിന്നായി രണ്ടേകാല്‍ ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി താഴ്ന്ന ഭാഗങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ പേരെയും താത്കാലിക ഷെല്‍ട്ടറുകളിലേക്ക്് മാറ്റാന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പോര്‍ബന്തര്‍, ദിയു, ഭവ്‌നഗര്‍, കെശോദ്, കന്ദ്‌ല എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്നു രാത്രി മുതല്‍ റദ്ദാക്കി. ഗുജറാത്തിലെ തീരമേഖലകളിലേക്കുള്ള 40 ട്രെയിന്‍ സര്‍വീസുകള്‍ വെസ്റ്റേണ്‍ റെയില്‍വേയും റദ്ദാക്കി

സംസ്ഥാനത്തെ തീരമേഖലകളില്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ നടപടികള്‍ക്കുമായി വ്യോമസേന ഹെലികോപ്ടറുകളും നാവിക സേന ബോട്ടുകളും പ്രധാന കേന്ദ്രങ്ങളില്‍ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിന് തലസ്ഥാനമായ ഗാന്ധിനഗറില്‍ മൊബൈല്‍ റഡാറും സ്ഥാപിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനു വേണ്ടി രാജ്‌കോട്ട്, ഭവ്‌നഗര്‍, വരാവല്‍ ഡിവിഷനുകളില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് വെസ്റ്റേണ്‍ റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

error: Content is protected !!